അക്കാദമിക മേഖലയിൽ കായിക ഇനങ്ങൾക്ക് പ്രാധാന്യം നൽകും
1532003
Tuesday, March 11, 2025 8:06 AM IST
കൽപ്പറ്റ: ജില്ലയിലെ എല്ലാ ഗവ. ഹൈസ്കൂളുകളിലും പഠനത്തോടൊപ്പം അക്കാദമിക മേഖലയിൽ കായിക ഇനങ്ങൾക്ക് പ്രാധ്യാന്യം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് വികസന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു.
രണ്ട് കായിക ഇനങ്ങൾക്ക് പ്രാധാന്യം നൽകി പൊതുകളിക്കളങ്ങൾ തിരിച്ചുപിടിക്കും. ലഹരി ഉപയോഗം തടയൽ, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കൽ, കായിക മേഖലയിൽ മികച്ച വിജയം എന്നിവ കൈവരിക്കാനും പട്ടികവർഗ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുകയുമാണ് ലക്ഷ്യം. കളക്ടറേറ്റിലെ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ സ്കൂളുകളിലേക്കാവശ്യമായ കായിക ഉപകരണങ്ങൾ എത്തിക്കും. രണ്ടാംഘട്ടത്തിൽകായികാധ്യാപകരില്ലാത്ത സ്കൂളുകളിൽ ജില്ലാ പഞ്ചായത്ത് പതിനായിരം രൂപ ശന്പളം നൽകി താത്ക്കാലിക അധ്യാപകരെ നിയമിക്കും. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ എല്ലാ വിഭാഗം ആളുകളുടെ കൂട്ടായമയോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകും. ജില്ലയിലെ മുഴുവൻ അമ്മമാരെയും ഉൾക്കൊള്ളിച്ച് ലഹരിക്കെതിരേ അമ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യത്തിൽ സംഗമം നടത്തും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരട് പദ്ധതി രൂപരേഖജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സുരക്ഷ പദ്ധതി പ്രകാരം 2500 കോടിയുടെ ഇൻഷ്വറൻസ് കവറേജ് ഉണ്ട്. അതിൽ ഒന്നരക്കോടിയുടെ ഇൻഷ്വറൻസ് തുക അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നൽകിയിട്ടുണ്ട്. ജില്ലയിലെ 1173 അരിവാൾ രോഗികൾക്ക്500 രൂപയുടെ പോഷക കിറ്റ് വിതരണം ചെയ്യുന്നുണ്ട്. നവ കേരള പദ്ധതിയിലുൾപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം വൈകിയതിനാൽ തനത് സാന്പത്തിക വർഷത്തിലെ വാർഷിക പദ്ധതി നടപ്പാക്കുന്നതിന് സർക്കാരിനോട് സമയം ദീർഘിപ്പിച്ച് നൽകാൻ ആവശ്യപ്പെടുമെന്ന് വികസന സെമിനാറിൽ അറിയിച്ചു.
ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷനായ സെമിനാറിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ തന്പി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീതാ വിജയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ സുരേഷ് താളൂർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.