പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആദരിച്ചു
1531998
Tuesday, March 11, 2025 8:06 AM IST
മുള്ളൻകൊല്ലി: പെരിക്കല്ലൂരിലെ വരവൂർ പാടശേഖര സമിതി പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ ആദരിച്ചു. വർഷങ്ങളായി കർണാടക കാടുകളിൽ നിന്നും കബനി നദി കടന്നെത്തുന്ന കാട്ടാനക്കൂട്ടം വിളകൾ നശിപ്പിക്കുന്നത് കാരണം കൃഷി അപ്രാപ്യമായി മാറിയിരുന്ന പാടശേഖരങ്ങളിൽ ഇക്കുറി കർഷകർ വിജയകരമായി നെൽകൃഷിയിൽ പൊന്നുവിളയിച്ചു.
ഇതിന് വേണ്ടി അഹോരാത്രം തൂക്കു ഫെൻസിംഗ് പ്രവർത്തിപ്പിച്ചും ആനകൾ പാടത്തിറങ്ങാതെ തടഞ്ഞും ജോലി ചെയ്ത പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെയാണ് വരവൂർ പാടശേഖര സമിതി ആദരിച്ചത്. ഈ ഭാഗത്ത് ജോലി ചെയ്ത വാച്ചർമാരായ തെണ്ടുക്കൻ, ഷിജു, സജിത് എന്നിവർക്ക് സമിതി കാഷ് അവാർഡും വിതരണം ചെയ്തു.
പരിപാടിയിൽ വാർഡ് അംഗം ജോസ് നെല്ലേടം, മരക്കടവ് പള്ളിവികാരി ഫാ. ജയിംസ് ചെന്പുക്കര, പുൽപ്പള്ളി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. രാമൻ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.