ഉരുൾപൊട്ടൽ: ദുരന്തബാധിതർ 13ന് കളക്ടറേറ്റ് ഉപരോധിക്കും
1531647
Monday, March 10, 2025 6:15 AM IST
ആധാർ, റേഷൻ കാർഡുകൾ തിരിച്ചേൽപ്പിക്കും
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള പദ്ധതിയിൽ അർഹതയുള്ള മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം കനക്കുന്നു. ദുരന്തബാധിതരെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി.
പ്രക്ഷോഭത്തിന്റെ ഭാഗമായി 13ന് ദുരന്തബാധിതർ കളക്ടറേറ്റ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഷാജിമോൻ ചൂരൽമല, ചെയർമാൻ നസീർ ആലയ്ക്കൽ എന്നിവർ പറഞ്ഞു. രാവിലെ എട്ടരയോടെ പുതിയ ബസ്സ്റ്റാൻഡിൽ കേന്ദ്രീകരിക്കുന്ന ദുരന്തബാധിതർ പ്രകടനമായി എത്തിയാണ് കളക്ടറേറ്റ് വളയുക. ആധാർ, റേഷൻ കാർഡുകൾ സർക്കാരിന് തിരിച്ചുനൽകും.
മേപ്പാടി പഞ്ചായത്തിലെ 10(അട്ടമല), 11(മുണ്ടക്കൈ), 12(ചൂരൽമല) വാർഡുകളിലായി പുനരധിവാസത്തിന് അർഹരായ 530ൽ അധികം കുടുംബങ്ങളുണ്ട്. എന്നാൽ സർക്കാർ തയാറാക്കിയ ദുരന്തബാധിത കുടുംബങ്ങളുടെ ആദ്യ പട്ടികയിൽ 242ഉം രണ്ട് എ കരട് പട്ടികയിൽ 81 ഉം രണ്ട് ബി കരട് പട്ടികയിൽ 70 ഉം കുടുംബങ്ങളാണുള്ളത്. ആദ്യഘട്ടം പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്ന 40ൽ അധികം ആക്ഷേപങ്ങൾ സർക്കാർ തീർപ്പാക്കിയിട്ടില്ല.
പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുണ്ടാകുന്നത്. പൂർണമായും ഭാഗികമായും തകർന്ന എസ്റ്റേറ്റ് പാടികളിൽ താമസിച്ചിരുന്നതിൽ അർഹതയുള്ള എല്ലാ കുടുംബങ്ങളും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടില്ല. വാസയോഗ്യമല്ലാതായതും ഉരുൾ ദുരന്ത സാധ്യത നിലനിൽക്കുന്നതുമായ പുഞ്ചിരിമട്ടം, ചൂരൽമല എച്ച്എസ്എസ് റോഡ്, പടവെട്ടിക്കുന്ന് എന്നിവിടങ്ങളിലെ കുടുംബങ്ങളും പട്ടികകൾക്കു പുറത്താണ്.
ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടം ഉടമകളുടെ പുനരധിവാസത്തിൽ തീരുമാനമായിട്ടില്ല. നശിച്ചതിനുപകരം കൃഷി ഭൂമി നൽകുന്നതിൽ വ്യക്തതയില്ല. ദുരന്തത്തിൽ ഉറ്റവരെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ 15 ചെറുപ്പക്കാരിൽ ഒരാൾക്ക് മാത്രമാണ് ഇതിനകം സർക്കാർ ജോലി നൽകിയത്. കടങ്ങൾ പൂർണമായും എഴുതിത്തള്ളണമെന്ന മുറവിളിക്കു ഫലം ഉണ്ടാകുന്നില്ല. ഗുരുതരമായി പരിക്കേറ്റവരുടെ തുടർ ചികിത്സയ്ക്കു സൗകര്യം ഒരുക്കുന്നില്ല.
പുനരധിവസിപ്പിക്കുന്ന ഓരോ കുടുംബത്തിനും 10 സെന്റിൽ വീട് സർക്കാർ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ കൽപ്പറ്റയ്ക്കടുത്ത് എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ ഏഴ് സെന്റിൽ വീട് നിർമിച്ചുനൽകാനാണ് സർക്കാർ പദ്ധതി. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
ഈ തുക അപര്യാപ്തമാണ്. ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനങ്ങളിൽനിന്നു സർക്കാർ പിന്നാക്കം പോകുകയാണ്. ഈ സാഹചര്യത്തിലാണ് കളക്ടറേറ്റ് ഉപരോധിക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ദുരന്തബാധിത കുടുംബങ്ങൾക്ക് ദൈനംദിന ചെലവിന് അനുവദിച്ച തുക പുനരിവാസം പൂർത്തിയാകുന്നതുവരെ ലഭ്യമാക്കണമെന്നതും സമരാവശ്യമാണ്.