6.25 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
1531231
Sunday, March 9, 2025 4:32 AM IST
കൽപ്പറ്റ: 6.25 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ എക്സൈസിന്റെ പിടിയിലായി. പുത്തൂർവയൽ സോബിൻ (24), മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ പുത്തൂക്കണ്ടി മുഹമ്മദ് അസനുൽ ഷാദുലി(23), കണിയാന്പറ്റ ചോലക്കൽ അബ്ദുൾ മുഹമ്മദ് ആഷിഖ് (22)എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷഫഫുദ്ദീനും സംഘവും ഇന്നലെ പഴയ ബസ്സ്റ്റാൻഡിനു സമീപം ടൂറിസ്റ്റ് ഹോമിൽനിന്നു അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടൂറിസ്റ്റ് ഹോമിൽ പരിശോധന.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി.എ. ഉമ്മർ, പ്രിവന്റീവ് ഓഫീസർ കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സി. സജിത്ത്, കെ.കെ. വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.വി. സൂര്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പ്രതികളിൽ സോബിൻ, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ ലഹരി വസ്തു കടത്തുമായി ബന്ധപ്പെട്ട് നേരത്തേ ബാവലി ചെക്പോസ്റ്റിൽ പിടിയിലായിട്ടുണ്ട്.