പോൾ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം; നടപ്പാകാതെ വാഗ്ദാനങ്ങൾ
1514695
Sunday, February 16, 2025 5:06 AM IST
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ പാക്കം വെള്ളച്ചാലിൽ പോൾ കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുന്പോഴും നടപ്പാകാതെ വാഗ്ദാനങ്ങൾ. കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരനായിരുന്ന പോൾ 2024 ഫെബ്രുവരി 16നാണ് കൊല്ലപ്പെട്ടത്.
ഇതേത്തുടർന്ന് പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ടൗണിൽ നടന്ന ജനകീയ പ്രതിഷേധവും സംഘർഷവും ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രതിഷേധം ഒത്തുതീർക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകിയ ഉറപ്പുകളിൽ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. പ്രതിഷേധത്തിന്റെ പേരിൽ നിരപരാധികളടക്കം കോടതി കയറിയിറങ്ങുകയാണ്.
മേഖലയിലെ വന്യമൃഗശല്യം തടയാൻ പ്രാവർത്തികമാക്കുമെന്നു പറഞ്ഞ പദ്ധതികളിൽ ഒന്നുപോലും നടപ്പായില്ല. വനാതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടുവയും ആനയുമടക്കം വന്യമൃഗങ്ങൾ നാട്ടിൽ സ്വൈരവിഹാരം തുടരുകയാണ്. വനം ഉദ്യോഗസ്ഥരും നാട്ടുകാരുമായുള്ള ഉരസലും വർധിക്കുകയാണ്.