റിയാസിനെ വകവരുത്താൻ പ്രേരണയായത് വ്യക്തിവിരോധം
1514694
Sunday, February 16, 2025 5:06 AM IST
പുൽപ്പള്ളി: കളനാടിക്കൊല്ലി അരീക്കണ്ടി റിയാസിനെ(24) കഴിഞ്ഞ 12ന് രാത്രി എട്ടോടെ താഴെ അങ്ങാടിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് പരിസരത്തേക്കു വിളിച്ചുവരുത്തി മർദിക്കാനും കത്തിക്കു കുത്താനും പ്രേരണയായത് വ്യക്തിവിരോധമാണെന്ന് പോലീസ്. കുത്തേറ്റ റിയാസ് അന്നുരാത്രി വൈകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്നാണ് റിയാസിനെ കോഴിക്കോടിനു റഫർ ചെയ്തത്.
കേസിൽ നാല് പ്രതികൾ റിമാൻഡിലാണ്. മീനംകൊല്ലി പൊന്തത്തിൽ പി.എസ്. രഞ്ജിത്ത്(32), മീനംകൊല്ലി പുത്തൻവീട്ടിൽ മണിക്കുട്ടൻ(34), മണിക്കുന്നേൽ അഖിൽ(35), മീനങ്ങാടി പുറക്കാടി പി.ആർ. റാലിസണ്(35) എന്നിവരെയാണ് ബത്തേരി ജഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്(രണ്ട്) റിമാൻഡ് ചെയ്തത്. ഇവരിൽ റാലിസണെ പോലീസ് പിടികൂടുകയും മറ്റുള്ളവർ കോടതിയിൽ കീഴടങ്ങുകയുമായിരുന്നു.
പ്രതികളിൽ രഞ്ജിത്ത്, മണിക്കുട്ടൻ, റാലിസണ് എന്നിവർ ബന്ധുക്കളാണ്. രഞ്ജിത്തിന്റെ സുഹൃത്തും അയൽവാസിയുമാണ് അഖിൽ. കരാറുകാരനായ രഞ്ജിത്തിനൊപ്പമാണ് റിയാസ് ജോലി ചെയ്തിരുന്നത്. രഞ്ജിത്തിന്റെ വിവാഹിതയായ സഹോദരിയുമായ റിയാസിന് അടുപ്പമുണ്ടെന്ന സംശയംമൂലം ഉണ്ടായ വിരോധമാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ച വിവരം.