ടിപ്പർ ഓട്ടം നിയന്ത്രിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
1514693
Sunday, February 16, 2025 5:06 AM IST
പുൽപ്പള്ളി: മരക്കടവിലെ ക്വാറിയിൽനിന്നും അമിതഭാരം കയറ്റി വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ടിപ്പറുകൾ ഓടുന്നത് നിയന്ത്രിക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പെരിക്കല്ലൂർ ഫൊറോന കൗണ്‍സിൽ ആവശ്യപ്പെട്ടു.
ക്വാറിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഭരണാധികാരികൾ ഇടപെടുക, ക്വാറി വിഷയത്തിൽ അറുപതുകവല ക്രൈസ്റ്റ് നഗർ പള്ളി വികാരി ഫാ.ബിബിൻ കുന്നേലിനെയും ഷൈജു പിണ്ടിക്കാനായിലിനെയും അപായപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രസിഡന്റ് ജോണി പുത്തൻകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഷിജു കൂറാനയിൽ, ജോബിൻസ് കലഞ്ഞാലിൽ, റെജി ഉള്ളാടപ്പള്ളിൽ, ടോമി ചെന്നലിക്കുന്നേൽ, ബേബി പെരുന്പേൽ, ജോണ്‍ കുളക്കാട്ടുകുടി എന്നിവർ പ്രസംഗിച്ചു.