കത്തോലിക്ക കോണ്ഗ്രസ്, കെസിവൈഎം പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു
1514691
Sunday, February 16, 2025 5:06 AM IST
കൽപ്പറ്റ: വന്യജീവി ആക്രമണം തടയുന്നതിനു ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ തയാറാകാത്ത വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് രൂപത സമിതിയുടെയും കെസിവൈഎം മേഖലാ സമിതിയുടെയും നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു.
പ്രകടനം ഫോറോന വികാരി ഫാ.ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മനുഷ്യസുരക്ഷയ്ക്ക് സന്ദർഭോചിതമായി ഇടപെടണം. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിലെ ഒരാൾക്ക് സ്ഥിരം ജോലി നൽകണം.
സ്വത്തിനും ജീവിതോപാധിക്കും നഷ്ടം സംഭവിച്ചാൽ അർഹമായ പരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു.
ഫാ.ടോമി പുത്തൻപുര, കത്തോലിക്ക കോണ്ഗ്രസ് രൂപത ഭാരവാഹികളായ സെബാസ്റ്റ്യൻ പുരയ്ക്കൽ, സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, ജോണ്സണ് കുറ്റിക്കാട്ടിൽ, മോളി മാമൂട്ടിൽ, ഡേവി മങ്കുഴ, സജി ഇരട്ടമുണ്ടയ്ക്കൽ, സുനിൽ പാലമറ്റം, ചാൾസ് വടാശേരി, ജേക്കബ് ബത്തേരി, ജോഷി കാരക്കുന്ന്, റോബി, കെസിവൈഎം ഫൊറോന ഭാരവാഹികളായ റിജിൽ പൊൻവേലി, അജിൻ ജോർജ്, ഡെൽന ജോസഫ് എന്നിവർ നേതൃത്വം നൽകി.