സഹായ ഉപകരണ വിതരണം 11ന്
1512415
Sunday, February 9, 2025 5:30 AM IST
കൽപ്പറ്റ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷൻ, ഹെൽപ്പിംഗ് ഹാൻഡ്സ് ഗ്ലോബൽ ഫൗണ്ടേഷൻ(യുഎസ്എ), സാൻതോം വയനാട് എന്നിവ സംയുക്തമായി ജില്ലയിലെ ഭിന്നശേഷിക്കാരിൽനിന്നു തെരഞ്ഞെടുത്ത 71 പേർക്ക് സഹായ ഉപകരണം നൽകുന്നു.
11ന് രാവിലെ 10.30ന് എടപ്പെട്ടി പാരിഷ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വിതരണോദ്ഘാടനം നിർവഹിക്കുമെന്ന് വിവിധ സംഘടനാപ്രതിനിധികളായ റവ.ഡോ.തോമസ് ജോസഫ് തേരകം, റഷീന സുബൈർ കണിയാന്പറ്റ, ഇത്തമ്മ ജോസഫ്, സെബാസ്റ്റ്യൻ ആലപ്പാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രത്യേകം രൂപകൽപന ചെയ്ത 17 വീൽചെയർ, 20 ശ്രവണ സഹായി, 11 എയർ ബെഡ്, എട്ട് കണ്ണട, 11 വാക്കിംഗ് സ്റ്റിക്ക്, മൂന്നു വാക്കർ, ഒരു ക്രച്ചസ് എന്നിവയാണ് വിതരണം ചെയ്യുന്നത്. ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുന്നതാണ് ഇത്രയും സഹായ ഉപകരണങ്ങൾ.