കടുവ സാന്നിധ്യം: വനസേന നിരീക്ഷണം ശക്തമാക്കി
1512738
Monday, February 10, 2025 5:15 AM IST
മാനന്തവാടി: ജനവാസകേന്ദ്രത്തിൽ കടുവ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പുഴ കന്പിപ്പാലത്തും സമീപ പ്രദേശങ്ങളിലും വനസേന നിരീക്ഷണം ശക്തമാക്കി. ഇന്നലെ രാവിലെ പത്തോടെ കന്പിപ്പാലത്ത് പുല്ലരിയാൻപോയ കർഷകനാണ് കടുവയെ കണ്ടത്. നോർത്ത് വയനാട് വനം ഡിവിഷനിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കന്പിപ്പാലം.
പ്രദേശത്ത് നിരീക്ഷണത്തിന് 14 കാമറ ട്രാപ്പും രണ്ട് ലൈവ് കാമറയും സ്ഥാപിച്ചു. ഡ്രോണ്‍ സഹായത്തോടെയും നിരീക്ഷണം ഉണ്ടാകും. രാത്രി പട്രോളിംഗ് നടത്തും. വനസേനയുടെ പരിശോധനയിൽ കന്പിപ്പാലത്തിനു പുറമേ കണ്ണോത്തുമല, 44-ാം മൈൽ, തലപ്പുഴ പ്രദേശങ്ങളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ജനങ്ങൾ സഹകരിക്കണമെന്നും രാത്രിയാത്ര കഴിവതും ഒഴിവാക്കണമെന്നും ഡിഎഫ്ഒ അറിയിച്ചു. ആർആർ ടീമിലുള്ളതടക്കം 30 ഓളം വനപാലകർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.