ചുണ്ടക്കൊല്ലി ഉന്നതിയിൽ കുടിവെള്ള ക്ഷാമം
1512418
Sunday, February 9, 2025 5:35 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ ചുണ്ടക്കൊല്ലി പണിയ ഉന്നതിയിൽ കുടിവെള്ള ക്ഷാമം. ഗാർഹിക ആവശ്യത്തിനുള്ള വെള്ളത്തിനു ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ. ഉന്നതിയിലെ കിണർവെള്ളം മലിനമായതോടെയാണ് കുടിവെള്ളം മുട്ടിയത്.
ശൗചാലയങ്ങളിൽനിന്നുള്ള മാലിന്യം കിണർവെള്ളത്തിൽ കലർന്നുവെന്നാണ് ഉന്നതിയിലുള്ളവർ പറയുന്നത്. കുടിവെള്ളപ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. ഉന്നതിയിലേക്ക് ജലനിധിയുടെ ഒരു പൈപ്പ് കണക്ഷനുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിക്കുന്നത്.
19 ഓളം കുടുംബങ്ങളാണ് ഉന്നതിയിൽ. പൈപ്പ് വെള്ളം എല്ലാ വീട്ടുകാരുടെയും ആവശ്യത്തിനു തികയുന്നില്ല. അര കിലോമീറ്റർ അകലെ ഫോറസ്റ്റ് ഓഫീസ് വളപ്പിലുള്ള കിണറിലെ വെള്ളം തലച്ചുമടായി എത്തിച്ചാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്.