പുഞ്ചിരിമട്ടം പുനരധിവാസം: കളക്ടർ അടിയന്തര യോഗം വിളിക്കണമെന്ന് ബിഎംഎസ്
1512425
Sunday, February 9, 2025 5:35 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിർമിക്കുന്നതിന് ഹാരിസണ്‍ മലയാളം കന്പനിയുടെ നെടുന്പാല എസ്റ്റേറ്റിന്റെ ഭാഗം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ തൊഴിലാളികളുടെ ആശങ്ക അകറ്റാൻ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും മാനേജ്മെന്റിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കളക്ടർ അടിയന്തരമായി വിളിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം(ബിഎംഎസ്) ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുരളീധരൻ ആവശ്യപ്പെട്ടു.
നെടുന്പാലയിൽ 116 ഏക്കറിലാണ് തേയിലക്കൃഷി. ഇതിൽ 55 ഹെക്ടർ ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. 111 സ്ഥിരം തൊഴിലാളികളും ഒരു താത്കാലിക തൊഴിലാളിയും നെടുന്പാലയിലുണ്ട്. പുനരധിവസിപ്പിക്കുന്ന തോട്ടം തൊഴിലാളികൾക്കും ഇവിടെ ജോലി നൽകേണ്ടിവരും.
ഭൂമി പുനരധിവാസത്തിനു ഏറ്റെടുക്കുന്പോൾ 48 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയോ അരപ്പറ്റ എസ്റ്റേറ്റിലെ മറ്റു ഡിവിഷനുകളിലേക്ക് മാറുകയോ ചെയ്യേണ്ടിവരുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകിയെങ്കിലും പ്രതികരണമില്ല. ഇത് പ്രതിഷേധാർഹമാണ്. തൊഴിലാളികളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കരുതെന്നും മുരളീധരൻ പറഞ്ഞു.