വിവരാവകാശ കമ്മീഷൻ സിറ്റിംഗ്: 32 കേസുകൾ തീർപ്പാക്കി
1496313
Saturday, January 18, 2025 6:10 AM IST
കൽപ്പറ്റ: സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ ഡോ.എ. അബ്ദുൾ ഹക്കീം, ടി.കെ. രാമകൃഷ്ണൻ എന്നിവർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 32 പരാതികൾ തീർപ്പാക്കി. 34 പരാതികളാണ് പരിഗണിച്ചത്. രാവിലെ 10.30 മുതൽ ഉച്ചവരെ ടി.കെ. രാമകൃഷ്ണന്റെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം വരെ ഡോ.എ. അബ്ദുൾ ഹക്കീമിന്റെയും അധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്.
മീനങ്ങാടി പോളിടെക്നിക് കോളജിലെ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അപേക്ഷയിൽ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിയും പിഴയും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ. അബ്ദുൾ ഹക്കീം ശിപാർശ ചെയ്തു. അപേക്ഷകനെ പരിഹസിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് കമ്മീഷൻ വിലയിരുത്തി.
തെറ്റായ വിവരം അപേക്ഷകന് കൈമാറിയതെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് വിവരാവകാശ നിയമത്തിലെ സെക്ഷൻ 20(1),(2) പ്രകാരം ശിക്ഷാ നടപടി ശിപാർശ ചെയ്തത്. ക്ഷീര സംഘങ്ങളിൽനിന്നും വിവരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ കോഓപ്പറേറ്റിവ് രജിസ്ട്രാർ നേരിട്ട് സംഘങ്ങൾ സന്ദർശിച്ച് രേഖകൾ വാങ്ങി അപേക്ഷകന് വിവരം ലഭ്യമാക്കാൻ കമ്മീഷൻ നിർദേശിച്ചു.