പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: കെജെയു
1496317
Saturday, January 18, 2025 6:10 AM IST
സുൽത്താൻ ബത്തേരി: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കേരള ജേണലിസ്റ്റ്സ് യൂണിയൻ(കെജെയു) വയനാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്മിയാസ് കോളജ് ഹാളിൽ(പി.കെ. രാഘവൻ നഗർ) വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണ് കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, മുതിർന്ന മാധ്യമപ്രവർത്തകരായ ടി.എം. ജയിംസ്, അബ്ദുൾ ലത്തീഫ് പടയൻ, സി.എം. അബു താഹിർ, അരവിന്ദ് സി. പ്രസാദ് എന്നിവരെ ആദരിച്ചു.ടോം ജേസ്, ടി.എം. ജയിംസ്, ബാബു നന്പുടാകം എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ബി. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് പി. മോഹനൻ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇ.പി. രാജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സോഷ്യൽ മീഡിയ വിഭാഗം കണ്വീനർ ബോബൻ ബി. കിഴക്കേത്തറ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശൻ പയ്യന്നൂർ പുതിയ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി വി.ബി. ബാബു റിപ്പോർട്ടും ഷാജി പുളിക്കൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എൻ.എ. സതീഷ്(പ്രസിഡന്റ് ) പി. മോഹനൻ, പി.പി. സണ്ണി (വൈസ് പ്രസിഡന്റുമാർ), മൂസ കൂളിവയൽ(സെക്രട്ടറി), ജോജി വർഗീസ്, വി.ബി. ബാബു(ജോയിന്റ് സെക്രട്ടറിമാർ) ഷാജി പുളിക്കൽ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.