അടിസ്ഥാന വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം: ഡോ.എ. അബ്ദുൾ ഹക്കീം
1496312
Saturday, January 18, 2025 6:10 AM IST
കൽപ്പറ്റ: വിവരാവകാശ നിയമം സെക്ഷൻ ആറ് പ്രകാരം പൊതുജനങ്ങൾക്ക് എവിടെനിന്നും എപ്പോഴും ഓണ്‍ലൈൻ മുഖേന ലഭിക്കേണ്ട അടിസ്ഥാന വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ ഡോ.എ. അബ്ദുൾ ഹക്കീമും ടി.കെ. രാമകൃഷ്ണനും.
കളക്ടറേറ്റിലെ വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്മീഷണർമാരുടെ നിർദേശം. റവന്യു, വനം, പട്ടികവർഗം, ജിഎസ്ടി, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാൻ കമ്മീഷൻ നിർദേശിച്ചു. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഒൗദ്യോഗിക സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.
എഡിഎം കെ. ദേവകി, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരായ ടി. സരിൻകുമാർ, ജോയി തോമസ്, കെ. ഗീത, കെ. ബീന, ഷീബ, അനൂപ് കുമാർ, ബിജു ഗോപാൽ, ഉമ്മറലി പറച്ചോടൻ എന്നിവർ പങ്കെടുത്തു.