പുൽപ്പള്ളി തൂപ്രയിൽ കൂട്ടിലായ കടുവയെ വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി
1496296
Saturday, January 18, 2025 5:36 AM IST
കെ.ജെ. ജോബി
പുൽപ്പള്ളി: വയനാട്ടിലെ പുൽപ്പള്ളി പഞ്ചായത്തിൽപ്പെട്ട തൂപ്രയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വ്യാഴാഴ്ച അർധരാത്രിയോടെ അകപ്പെട്ട കടുവയെ കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. എട്ട് വയസ് മതിക്കുന്ന പെണ് കടുവയാണ് കൂട്ടിലായത്. പ്രാഥമിക നിരീക്ഷണത്തിനുശേഷമാണ് കടുവയെ പച്ചാടിയിലേക്ക് മാറ്റിയത്.
കടുവയുടെ മുൻകാലുകളിൽ പരിക്കുണ്ടെന്നും ചികിത്സ ആരംഭിച്ചതായും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. കടുവകൾ തമ്മിലുള്ള സംഘട്ടനത്തിൽ ഉണ്ടായതാകാം പരിക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യക്ഷത്തിൽ മറ്റു പരിക്കുകൾ കടുവയുടെ ദേഹത്തില്ല. പല്ലുകൾക്ക് തകരാറില്ല.
പുൽപ്പള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഉൗട്ടിക്കവല പ്രദേശങ്ങളിൽ ഭീതിപരത്തിയ സാഹചര്യത്തിൽ മയക്കുവെടിവച്ച് പിടിക്കാൻ വനസേന ശ്രമം നടത്തുന്നതിനിടെയാണ് കടുവ കൂട്ടിലായത്.
ഇത് നാട്ടുകാർക്കും വനസേനയ്ക്കും ആശ്വാസമായി. കടുവയെ കണ്ടെത്തുന്നതിന് വ്യാഴാഴ്ച പകൽ തെർമൽ ഡ്രോണ് ഉൾപ്പടെ ഉപയോഗപ്പെടുത്തി വനസേന നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. എന്നാൽ, രാത്രി ഏഴരയോടെ കടുവ ദേവർഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാർ യാത്രികന്റെ ശ്രദ്ധയിൽപ്പെട്ടു.
ഇതേത്തുടർന്ന് വനസേന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് കടുവ കൂട്ടിൽ കയറിയത്. കഴിഞ്ഞ ഏഴിന് അമരക്കുനിയിലാണ് കടുവ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കടുവ കൊന്നു. കൂടുകൾ സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനു തുടക്കത്തിൽ നടത്തിയ ശ്രമം ഫലം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് മയക്കുവെടിവച്ച് പിടിക്കാൻ തീരുമാനമായത്. മുത്തങ്ങ പന്തിയിലെ രണ്ട് കുംകി ആനകളെയടക്കം ഉപയോഗപ്പെടുത്തിയായിരുന്നു കടുവയിൽ മയക്കുവടി പ്രയോഗിക്കാനുള്ള നീക്കം.
കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ അമരക്കുനിക്കടുത്ത വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മൂന്ന് തദ്ദേശവാർഡുകളിൽ നിരോധനാജ്ഞ ബാധകമാക്കി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കടുവ ഇറങ്ങിയ പ്രദേശങ്ങൾ. കടുവയെ പിടിക്കുന്നതിന് വിവിധ ഇടങ്ങളിലായി അഞ്ച് കൂടുകളാണ് സ്ഥാപിച്ചത്. കൂട്ടിൽ കയറിയത് കടുവയ്ക്കും രക്ഷയായി. വനത്തിൽ ഇരതേടാൻ ശേഷി നഷ്ടമായ കടുവ പട്ടിണി നടന്ന് അവശനിലയിലായിരുന്നു.