രോഗബാധ: കർഷകൻ കാപ്പിച്ചെടികൾ വെട്ടിമാറ്റി
1496315
Saturday, January 18, 2025 6:10 AM IST
മാനന്തവാടി: രോഗബാധയേറ്റ കാപ്പിച്ചെടികൾ കർഷകൻ വെട്ടിമാറ്റി. പാലാക്കുളി വണ്ടന്നൂർ സണ്ണിയാണ് തോട്ടത്തിലെ 200 ഓളം കാപ്പിച്ചെടികൾ വെട്ടിനീക്കിയത്. ഒന്നര വർഷം മുന്പ് നട്ട റോബസ്റ്റ ഇനം കാപ്പിച്ചെടികൾക്കാണ് രോഗം. ഇലകളിലെ മഞ്ഞനിറമാണ് ഇതിന്റെ ആദ്യലക്ഷണം. പിന്നീട് ഇലകൾ ഉണങ്ങിനശിക്കുകയാണ്. കാപ്പിച്ചെടിയുടെ ശിഖരം, ചുവട് ഭാഗങ്ങളെയും രോഗം ബാധിക്കുന്നുണ്ട്.
ചുവടുകളിലും ചെടികൾക്ക് മുകളിലും മരുന്ന് തളിച്ചുവെങ്കിലും ഫലം ഇല്ലെന്ന് സണ്ണി പറഞ്ഞു. ഏകദേശം 25,000 രൂപ വിലവരുന്ന മരുന്നാണ് ഇതിനകം തളിച്ചത്. അന്പലവയൽ കാർഷിക ഗവേഷണകേന്ദ്രം, കോഫി ബോർഡ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തോട്ടം സന്ദർശിച്ചെങ്കിലും രോഗബാധ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ല.
അതേസമയം, പനമരം,നീർവാരം, കല്ലുവയൽ ഭാഗങ്ങളിൽ ഇലകളിൽ മഞ്ഞളിപ്പ് ബാധിച്ച് ചെടി നശിക്കുന്നതിന് കാരണം മീലിമുട്ട(മീലിബഗ്) ആക്രമണം മൂലമാണെന്ന് കോഫി ബോർഡ് അധികൃതർ അറിയിച്ചു. മീലിമൂട്ട ചെടിയുടെ വേരിലെ നീരൂറ്റുന്നതാണ് ഇലകൾ മഞ്ഞളിച്ച് കൊഴിഞ്ഞ് ചെടികൾ നശിക്കാൻ കാരണം.