തുല്യതാ പഠിതാക്കൾക്കു ബിരുദം: പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
1494659
Sunday, January 12, 2025 7:51 AM IST
കൽപ്പറ്റ: തുല്യതാപഠിതാക്കളുടെ ബിരുദ പഠനത്തിന് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി.
സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്കാണ് പദ്ധതിയിൽ ബിരുദ പഠനത്തിന് അർഹത. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നിർവഹണം. ബിരുദ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യുന്ന ജനറൽ വിഭാഗം പഠിതാക്കളുടെ 50 ഉം പട്ടികജാതി വിഭാഗക്കാരുടെ 75 ഉം ശതമാനം ഫീസ് ജില്ലാ പഞ്ചായത്ത് അടയ്ക്കും. പട്ടികവർഗ പഠിതാക്കളുടെ മുഴുവൻ ഫീസും വഹിക്കും. യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഓണ്‍ലൈൻ, ഓഫ്ലൈൻ ക്ലാസ് നൽകും.
പദ്ധതി ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. വർഷം 100 പേർക്ക് ബിരുദ പഠനത്തിന് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സീത വിജയൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അസി.പ്രഫസർമാരായ ഡോ.എ.സി. നിസാർ, ഡോ.അഹമ്മദ് സിറാജുദ്ദീൻ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ, പി.വി. ജാഫർ എന്നിവർ പ്രസംഗിച്ചു.