കടുവയെ പിടികൂടാത്തത് അനാസ്ഥയാണെന്ന് നാട്ടുകാർ
1495118
Tuesday, January 14, 2025 5:27 AM IST
പുൽപ്പള്ളി: അമരക്കുനി, തുപ്രാ, അന്പത്താറ് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് തയാറാകത്തതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ.
ഏഴ് ദിവസമായി കടുവ ജനവാസ കേന്ദ്രങ്ങളിലൂടെ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്. മൂന്ന് ആടുകളാണ് കടുവയുടെ ആക്രമണത്തിനിരയായത്. കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവായത്. എന്നാൽ കടുവയെ പിടികൂടുന്ന കാര്യത്തിൽ വനം വകുപ്പിന് മെല്ലെപ്പോക്ക് നയമാണെന്നാണ് നാട്ടുകാരുടെ പരാതി.
കടുവയെ പിടികൂടുന്നതിനായി തെർമൽ സ്കാനർ ഘടിപ്പിച്ച ഡ്രോണും കുംകിയാനകളെ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
അവശനിലയിലുള്ള കടുവയായതിനാൽ മയക്കുവെടി വയ്ക്കാതെ കടുവയെ കൂട്ടിൽ കയറ്റാനുള്ള നയമാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
അടിയന്തരമായി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാൻ ജനപ്രതിനിധികൾ ശ്രമം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കടുവ ഭിഷണിയെ തുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ക്ഷീര കർഷകർ ഏറെ തിങ്ങി പാർക്കുന്ന മേഖല കൂടിയാണ്.