ജീവനക്കാരും അധ്യാപകരും 22ന് പണിമുടക്കും
1494874
Monday, January 13, 2025 5:46 AM IST
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും 22ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എഡിഎമ്മിന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി. തോമസിന്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും പണിമുടക്കിലേക്ക് സർക്കാർ തള്ളിവിട്ടിരിക്കുകയാണെന്നും അവകാശ നിഷേധങ്ങൾക്കെതിരേ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,
പന്ത്രണ്ടാം ശന്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, പേ റിവിഷൻ കുടിശികകൾ അനുവദിക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് സെറ്റോയുടെ നേതൃത്തിൽ 22ന് പണിമുടക്കുന്നത്. ഒൻപത് വർഷക്കാലത്തിനിടയിൽ അറുപത്തി അയ്യായിരം കോടി രൂപയാണ് ജീവനക്കാരുടെ പോക്കറ്റിൽ നിന്നു കവർന്നിരിക്കുന്നതെന്ന് സെറ്റോ ആരോപിച്ചു.
നോട്ടീസ് നൽകുന്നതിന് കെ.ആർ. ബിനീഷ്, യു. വിജീഷ്, കെ.ടി. ഷാജി, എൽ. സന്ധ്യ, വി.ആർ. ജയപ്രകാശ്, സി.കെ. ജിതേഷ്, ടി. പരമേശ്വരൻ, കെ.യു. ഉമേഷ്, സി.ഡി. ശുഭചന്ദ്രൻ, ശരത് ശശിധരൻ, നിഷ മണ്ണിൽ, കെ. സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.