കാവുകളുടെ സംരക്ഷണം: പ്രധാനമന്ത്രിക്കും സംസ്ഥാന സർക്കാരിനും നിവേദനം നൽകുമെന്ന്
1494866
Monday, January 13, 2025 5:43 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് വനത്തിൽ ഉള്ളതടക്കം കാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി പ്രധാനമന്ത്രിക്കും സംസ്ഥാന സർക്കാരിനും നിവേദനം നൽകും. സമിതി സംസ്ഥാന സെക്രട്ടറി എൻ.എൻ. ഗോപിക്കുട്ടൻ, ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, സെക്രട്ടറി എ. ഗണപതി, വൈസ് പ്രസിഡന്റ് ലീല വിജയൻ, ജോയിന്റ് സെക്രട്ടറി കെ. സുരേഷ്, സരോജിനി പഴൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
സർക്കാർ കണക്കനുസരിച്ച് സംസ്ഥാനത്ത് 7,000 കാവുകളാണുള്ളത്. എന്നാൽ വിവിധ ജില്ലകളിലായി ചെറുതും വലതുമടക്കം ഒരു ലക്ഷത്തോളം കാവുകളുണ്ട്. ഒരു ഏക്കറോ കൂടുതലോ വിസ്തീർണമുളള കാവുകളാണ് സർക്കാർ കണക്കിൽപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള മുഴുവൻ കാവുകളും സംരക്ഷിക്കപ്പെടണം. വനത്തിനകത്തെ കാവുകളുടെ സംരക്ഷണച്ചുമതല പ്രാദേശിക സമൂഹത്തിനു കൈമാറണം.
സംരക്ഷണച്ചെലവ് സർക്കാർ വഹിക്കണം. പരന്പരാഗത ആരാധനാലയങ്ങളുടെ വികസനത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിക്കണം. പട്ടിക വിഭാഗങ്ങളുടെ ആരാധനാസ്വാതന്ത്യം നിയമംമൂലം സംരക്ഷിക്കണം. പട്ടികജാതി-വർഗക്കാരുടെ ആരാധനാസങ്കേതങ്ങളിലേക്കുള്ള വഴികൾ എംപി, എംഎൽഎ,
ത്രിതില പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കണം. പട്ടികവിഭാഗങ്ങളുടെ ആരാധനാ സങ്കേതങ്ങൾ കൈയേറുന്നവർക്കെതിരേ പട്ടികജാതി-വർഗ പീഡന നിരോധന നിയമം അനുസരിച്ച് കേസെടുക്കണം. ഈ ആവശ്യങ്ങളും ഉൾപ്പെടുന്നതായിരിക്കും നിവേദനമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.