അപ്പച്ചൻ ഡിസിസി അധ്യക്ഷ പദവി ഒഴിയുമെന്ന അഭ്യൂഹം ശക്തം; കസേരയ്ക്കു വട്ടമിടുന്നവർ നിരവധി
1494661
Sunday, January 12, 2025 7:52 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവർ വിഷം അകത്തുചെന്നു മരിച്ചതിനെത്തുടർന്ന് ആത്മഹത്യ പ്രേരണക്കുറ്റത്തിന് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പദവി ഒഴിയുമെന്ന അഭ്യൂഹത്തിനിടെ കോണ്ഗ്രസ് ജില്ലാ ഘടകത്തിൽ പുത്തൻ നീക്കങ്ങൾ. അപ്പച്ചനു പകരക്കാരനാകാൻ കച്ചമുറുക്കിയവർ നിരവധിയാണ് ജില്ലയിൽ. പദവി വരുതിയിലാക്കാൻ പാർട്ടിയിലെ ഈഴവ സമൂഹവും രംഗത്തുണ്ട്. തീയ്യ, ബില്ലവ വിഭാഗങ്ങളും ചേരുന്നതാണ് ജില്ലയിലെ ഈഴവ സമൂഹം.
കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എൽ. പൗലോസ്, എൻ.കെ. വർഗീസ്, കെ.ഇ. വിനയൻ, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി അംഗങ്ങളായ പി.പി. ആലി, ടി.ജെ. ഐസക്, സിൽവി തോമസ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ മംഗലശേരി മാധവൻ, ഒ.വി. അപ്പച്ചൻ, സംഷാദ് മരക്കാർ തുടങ്ങിയവർ ജില്ലയിലെ പ്രമുഖ നേതാക്കളാണ്. ഇവരിൽ ഒരാൾ അപ്പച്ചൻ ഒഴിയുന്ന മുറയ്ക്ക് ഡിസിസി അധ്യക്ഷനാകുമെന്ന് പാർട്ടി പ്രവർത്തകർ കരുതുന്നതിനിടെയാണ് ഈഴവ വിഭാഗത്തിന്റെ ചരടുവലി.
പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി നേതൃത്വം പരിഗണിക്കാനിടയുള്ളതിൽ സംഷാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. കൽപ്പറ്റ മുനിസിപ്പൽ ചെയർമാനാണ് ടി.ജെ. ഐസക്. കെ.ഇ. വിനയൻ മീനങ്ങാടി പഞ്ചായത്ത് അധ്യക്ഷനാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഏഴുമാസം മാത്രം അവശേഷിക്കേ ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം ഇവർക്ക് ഡിസിസി അധ്യക്ഷ പദവിയിലേക്കുള്ള വഴിയിൽ തടസമാകില്ലെന്നാണ് സൂചന.
എൻ.എം. വിജയന്റെയും മകന്റെയും മരണത്തിനുപിന്നാലെ ഉയർന്ന, സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഡിസിസി മുൻ പ്രസിഡന്റുമായ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവർ ആത്മഹത്യ പ്രേരണക്കുറ്റക്കേസിൽ പ്രതികളായതും ജില്ലയിൽ കോണ്ഗ്രസിന്റെ മുഖം തകർത്തു.
സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് നേതാക്കൾ ലക്ഷങ്ങൾ കൈക്കലാക്കിയെന്ന ആരോപണവും ഇത് ശരിവച്ച് പുറത്തുവരുന്ന കത്തുകളും പാർട്ടിയിലെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും നിരാശയിലാക്കി. പാർട്ടിയുടെ അന്തസും പ്രതാപവും തിരിച്ചുപിടിക്കാൻ പ്രാപ്തനായ നേതാവ് ഡിസിസി അധ്യക്ഷ പദത്തിൽ എത്തണമെന്നാണ് ഇവരുടെ പൊതുവായ ആഗ്രഹം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചെടി നേരിടേണ്ടിവരുമെന്ന് അഭിപ്രായപ്പെടുന്നവർ പാർട്ടിയിൽ കുറവല്ല.
സംസ്ഥാനത്ത് മലബാറിനു പുറത്തുള്ള ജില്ലകളിൽ ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിൽപ്പെട്ടതിൽ കൂടുതൽ പേരും സിപിഎം, സിപിഐ അംഗങ്ങളോ അനുഭാവികളോ ആണ്. എന്നാൽ വയനാട് ഉൾപ്പെടെ മലബാർ ജില്ലകളിൽ ഇതല്ല സ്ഥിതി. ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിൽ ഏകദേശം 50 ശതമാനം കോണ്ഗ്രസിന് ഒപ്പമാണ്.
എന്നാൽ ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെയും തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെയും തീരുമാനിക്കുന്പോൾ മതിയായ പരിഗണന ഈ വിഭാഗത്തിനു ലഭിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നാണ് ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിന്റെ നിലപാട്. തങ്ങളിൽപ്പെട്ടതിൽ പൊതുരംഗത്ത് കാര്യശേഷി തെളിയിച്ചതിൽ ഒരാളെ ഡിസിസി പ്രസിഡന്റാക്കണമെന്നാണ് ഈ വിഭാഗം ഉയർത്തുന്ന വാദം.
ഡിസിസി സെക്രട്ടറിയും സേവാദൾ ജില്ലാ ചെയർമാനുമായിരുന്ന ആർ.പി. ശിവദാസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ, മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത് എന്നിവർ ഈഴവ- തീയ്യ-ബില്ലവ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ്.
കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അരുതായ്മകൾക്കെതിരേ രംഗത്തുവന്ന നേതാവാണ് ആർ.പി. ശിവശാസ്. ബത്തേരി അർബൻ ബാങ്ക് വൈസ് ചെയർമാനായിരുന്ന അദ്ദേഹം അഴിമതിക്കെതിരേ ശബ്ദിച്ചതിനെത്തുടർന്നാണ് പാർട്ടിക്ക് അനഭിമതനായത്.
അർബൻ ബാങ്കിലെ നിയമന അഴിമതിക്കെതിരേ ശിവദാസ് കെപിസിസി നേതൃത്വത്തിനു കത്തയച്ചിരുന്നു. ഇതിനു പിന്നാലെ ബാങ്ക് ഭരണ സമിതി അവിശ്വാസ പ്രമേയത്തിലൂടെ ശിവദാസിനെ വൈസ് ചെയർമാൻ പദവിയിൽനിന്നു പുറത്താക്കുകയാണ് ഉണ്ടായത്. പിന്നീട് വനിത നൽകിയ പരാതിയിൽ കേസിൽ അകപ്പെട്ടതോടെ ശിവദാസ് സജീവ പാർട്ടി പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.
അഴിമതിക്കെതിരേ ശബ്ദിച്ചതിന്റെ പേരിൽ ബാങ്ക് വൈസ് ചെയർമാൻ സ്ഥാനം നഷ്ടമാകുകയും ആക്ഷേപങ്ങൾ സഹിക്കേണ്ടിവരികയും ചെയ്ത ശിവദാസിനെ ഡിസിസി അധ്യക്ഷനാക്കണമെന്നു അഭിപ്രായപ്പെടുന്നവർ ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിലുണ്ട്. ഈ വിഭാഗക്കാർക്കിടയിൽ അടുത്തകാലത്ത് ബിജെപിയോടുണ്ടായ ആഭിമുഖ്യത്തിന് തടയിടാൻ പാർട്ടി നേതൃത്വം മാറിച്ചിന്തിക്കണമെന്നാണ് ഇവരുടെ പക്ഷം.
ടി.എം. ജയിംസ്