പരിക്കേറ്റ കാട്ടാനക്കുട്ടിയെ കാട്ടിൽ വിട്ട നടപടി പ്രതിഷേധാർഹമെന്ന്
1494864
Monday, January 13, 2025 5:43 AM IST
കാട്ടിക്കുളം: വന്യമൃഗ ആക്രമണത്തിൽ ഗുരതര പരിക്കേറ്റ ആനക്കുട്ടിയെ പിടിച്ചതിനുശേഷം ചികിത്സ നൽകി സുഖപ്പെടുത്താതെ തിരിച്ച് വനത്തിൽവിട്ട വനംവകുപ്പ് നടപടി തികച്ചും ക്രൂരമാണെന്ന് വന്യമൃഗശല്യപ്രതിരോധ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണവും വന്യജീവി സഹവർത്തിത്വവും പ്രസംഗിക്കുന്ന വനംവകുപ്പ് ഒരു മിണ്ടാപ്രാണിയോട് അതിക്രൂരമായാണ് ഇടപെട്ടത്. മനുഷ്യഗന്ധം ശരീരത്തിലേറ്റ കുട്ടിയാനയെ മറ്റാനകൾ കൂട്ടത്തിൽ കൂട്ടില്ല. പിന്നീട് ആന ജനവാസമേഘലയിൽ ഭീകരത സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വർഷങ്ങൾക്ക് മുന്പ് പരിക്കേറ്റ് സുഖമായ പാത്തികാലൻ എന്ന ആന ജനങ്ങൾക്കും വനംവകുപ്പിനും സ്ഥിരം ഭീഷണി ആയിരുന്നു.
ഇത്തരം ആനകളെ പിടിച്ച് കഴിഞ്ഞാൽ ചികിത്സിച്ച് സുഖപ്പെടുത്തി വകുപ്പിന്റെ ഭാഗമാക്കണം. കഴിഞ്ഞ മാസം തെറ്റ് റോഡിൽ നിന്നു പിടികൂടികാട്ടിൽവിട്ട ആനക്കുട്ടിയെ ആനക്കൂട്ടം സ്വീകരിക്കാതെ അലഞ്ഞ് നടക്കുകയാണെന്നാണ് അറിയുന്നത്.
പരിക്കേറ്റ ആനക്കുട്ടിയെ പിടികൂടി സുഖപ്പെടുത്തി സംരക്ഷിക്കണമെന്നും ഭാവിയിൽ ഉണ്ടാകാവുന്ന ഭീഷണി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ടി. സന്തോഷ്, വി.ആർ. ജയചന്ദൻ, സന്തോഷ് കുമാർ തോൽപെട്ടി, അബ്ദുൾ നാസർ ബാവലി എന്നിവർ പ്രസംഗിച്ചു.