ശുചീകരണത്തൊഴിലാളികൾക്ക് സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം: എം. വെങ്കിടേശൻ
1494655
Sunday, January 12, 2025 7:51 AM IST
കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികൾക്ക് സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന് സഫായി കർമചാരി ദേശീയ കമ്മീഷൻ ചെയർമാൻ എം. വെങ്കിടേശൻ. കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെയും ശുചീകരണത്തൊഴിലാളികളുടെയും സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ സുരക്ഷ, വേതനം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തണം. വനിതാ ജീവനക്കാർക്ക് ശുചിമുറി സൗകര്യം നിർബന്ധമായും ഒരുക്കണമെന്നും ചെയർമാൻ പറഞ്ഞു. കണ്ടിജൻസി വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ ശന്പളത്തിൽനിന്നു ഇപിഎഫ് തുക ഈടാക്കാൻ നഗരസഭാ സെക്രട്ടറിമാർക്ക് അദ്ദേഹം നിർദേശം നൽകി. നമസ്തേ രജിസ്ട്രേഷൻ, മാനുവൽ സ്കാവഞ്ചേഴ്സ് സർവേ പുരോഗതി യോഗം വിലയിരുത്തി.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപേഷ് ബസുമതാരി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. വിമൽരാജ്, ജില്ലാ പട്ടികജാതി ഓഫീസർ ശ്രീകുമാർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ. റഹിം ഫൈസൽ, നഗരസഭാ ചെയർമാൻമാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.