അന്‍വറിന്റെ പരാമര്‍ശത്തിൽ പ്രതികരിക്കാതെ ആര്യാടന് ഷൗക്കത്ത്
1495114
Tuesday, January 14, 2025 5:27 AM IST
നിലമ്പൂര്‍: പി.വി. അന്‍വറിന്റെ പരാമര്‍ശത്തിന് നേരിട്ട് മറുപടി പറയാതെ ആര്യാടന് ഷൗക്കത്ത്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയാണ് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയുമെന്ന പി.വി. അന്‍വറിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്ന മറുപടിയാണ് ആര്യാടന് ഷൗക്കത്ത് നല്‍കിയത്.
യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുക. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താനും ആലോചിച്ചാണ് തീരുമാനം എടുക്കുന്നത്.
യുഡിഎഫിനെ പിന്തുണക്കുമെന്ന അന്‍വറിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരുടെയും പിന്തുണ വേണ്ടെന്ന് പറയില്ലെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. അന്‍വര്‍, ആര്യാടന് ഷൗക്കത്തിനെ പറ്റി നടത്തിയ പരാമര്‍ശത്തിലും ഷൗക്കത്ത് പ്രതികരിച്ചില്ല.