സംയോജിത ആശയവിനിമയ ബോധവത്കരണം സമാപിച്ചു
1494868
Monday, January 13, 2025 5:43 AM IST
സുൽത്താൻബത്തേരി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ഷേമ, വികസന പദ്ധതികൾ സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ടൗണ്‍ ഹാളിൽ ദ്വിദിന സംയോജിത ആശയവിനിമയ ബോധവത്കരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ’കുട്ടികളുടെ വളർച്ചാ നിരീക്ഷണം’, ’ശിശു പരിരക്ഷ, വിദ്യാഭ്യാസം’, ’സന്പൂർണ ക്ഷയരോഗ നിവാരണം’, ’തപാൽ വകുപ്പ് നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾ’ എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു.
യഥാക്രമം ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി. ഹഫ്സത്ത്, ഐസിഡിഎസ് സൂപ്പർവൈസർ എ.ആർ. രജിത, താലൂക്ക് ആശുപത്രിയിലെ സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ആർ. വിജയാനന്ദ്, ഇന്ത്യ പോസ്റ്റ് കോഴിക്കോട് ഡെവലപ്മെന്റ് ഓഫീസർ എസ്.എൻ. മിത്രാവിന്ദ എന്നിവർ നേതൃത്വം നൽകി.
കാർഗിൽ വിജയത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം, നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ അനീമിയ നിർണയ ക്യാന്പ്, തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ആധാർ തിരുത്തൽ എന്നിവ നടന്നു. സമാപനയോഗം ജില്ലാ പഞ്ചായത്ത് മുൻ അംഗം ബിന്ദു മനോജ് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ(കണ്ണൂർ)അസിസ്റ്റന്റ് ഡയറക്ടർ ബിജു കെ. മാത്യു അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് കെ.എസ്. ബാബുരാജൻ പ്രസംഗിച്ചു.