കടുവയെ പിടിക്കാൻ ദൗത്യസംഘം എത്തിയില്ല
1494658
Sunday, January 12, 2025 7:51 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ അമരക്കുനിയിൽ ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഉത്തരവിറങ്ങിയിട്ടും ദൗത്യസംഘം എത്തിയില്ല. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു.
കഴിഞ്ഞ ദിവസം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഉപരോധിച്ചതിനെത്തുടർന്നാണ് കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഉത്തരവായത്. മയക്കുവെടി പ്രയോഗിക്കുന്നതിനായി കടുവയെ ലൊക്കേറ്റ് ചെയ്യുന്നതിന് ഇന്നലെ വനം ഉദ്യോഗസ്ഥർ എത്തുമെന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം. ഇത് വെറുതെയായി.
വെള്ളിയാഴ്ച രാത്രി കടുവ കന്നാരംപുഴ റോഡ് മുറിച്ചുകടക്കുന്നത് യാത്രക്കാരൻ കണ്ടിരുന്നു. ഈ ഭാഗത്ത് നിരീക്ഷണത്തിന് കാമറ സ്ഥാപിച്ചിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാൽ അമരക്കുനിയിലും സമീപങ്ങളിലും താമസിക്കുന്നവർ വീടിനു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. എത്രയുംവേഗം കടുവയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ചയ്ക്കിടെ അമരക്കുനിയിൽ രണ്ട് ആടുകളെയാണ് കടുവ കൊന്നത്.
അതിനിടെ, കടുവയെ പിടിക്കുന്നതിന് നീക്കം ഇന്നു രാവിലെ ആരംഭിക്കുമെന്ന് വനം അധികൃതർ പറഞ്ഞു. വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തിയശേഷം തുടർനടപടി സ്വീകരിക്കും. തെരച്ചിൽ നടത്തുന്നതിനാൽ ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നിർദേശം നൽകി.