"വിജയന്റെ ബാധ്യത കോണ്ഗ്രസ് ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ സിപിഎം ഏറ്റെടുക്കും'
1495115
Tuesday, January 14, 2025 5:27 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പ്രശ്നം ജനങ്ങൾക്ക് മുന്പാകെ അവതരിപ്പിച്ച് പാർട്ടി ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിജയന്റെ മരണവുമായി പ്രതിചേർക്കപ്പെട്ട എംഎൽഎ ഐ.സി. ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയും ഒരു കുടുംബത്തെ കൂട്ടആത്മഹത്യയിലേക്ക് തള്ളിയിടാതിരിക്കാൻ മനുഷ്യത്വപരമായ ഒരു നിലപാടായാണ് പാർട്ടി ഇതിനെ കാണുന്നത്. കോണ്ഗ്രസ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. സഹകരണ ബാങ്ക് നിയമനവുമായിബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.
ഡിസിസി ട്രഷററായ വിജയന്റെ തലയിൽ പാർട്ടി വരുത്തിവച്ച ബാധ്യത കെട്ടിവക്കുകയാണ് ചെയ്തത്. പാർട്ടി ബാധ്യത ഏറ്റെടുക്കാതെ വന്നപ്പോഴാണ് പരാശ്രയം കൂടാതെ ജീവിക്കാൻ പറ്റാത്തെ മകനോടൊത്ത് വിജയൻ ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണം കെപിസിസിയാണ്. വിജയൻ എല്ലാ വിവരങ്ങളും കാണിച്ച് കെപിസിസിക്ക് കത്ത്കൊടുത്തിട്ടും ഒരു മറുപടിയും നൽകിയില്ലെന്ന് മാത്രമല്ല അവഹേളിക്കുയുമാണ് ചെയ്തത്.
വിജയന്റെ മരണത്തിനു പിന്നിൽ കോണ്ഗ്രസിന്റെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളാണ്. കണ്ണൂരിൽ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തപ്പോൾ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയാണെന്ന ആരോപണം ഉയർന്നപ്പോൾത്തന്നെ ദിവ്യയെ കൊണ്ട് എല്ലാ സ്ഥാനങ്ങളും പാർട്ടി രാജിവയ്പ്പിച്ചു. ഐ.സി. ബാലകൃഷ്ണന്റെ പേരിൽ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തിട്ട് പോലും രാജിവയ്ക്കാതെ ഒളിവിൽ കഴിയുകയാണ്.
കെ. സുധാകരനും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനാർഥികളാകാൻ നടക്കുകയാണ്. ഒരാൾ ഒരു പ്രസ്താവനയിറക്കിയാൽ അതിനേക്കാൾ മേലെ ഒരു പ്രസ്താവന കൊടുത്തില്ലെങ്കിൽ ചെറുതായി പോകുമല്ലോ എന്ന് കരുതിയാണ് ഓരോരുത്തരുടെയും അഭിപ്രായങ്ങൾ.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനമാണത്രേ. അതുകൊണ്ടാണ് ഇപ്പോൾ ജനങ്ങളെ അഭിമുഖികരിക്കാൻ കഴിയാതെ എവിടെയോ പോയി ഒളിച്ചിരിക്കുന്നത്. വിജയന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും നിയത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.പി. കുഞ്ഞുമോൾ അധ്യക്ഷത വഹിച്ചു. പി. ഗഗാറിൻ, സി.കെ. ശശീന്രൻ, കെ. റഫീഖ്, പി.ആർ. ജയകാഗ് എന്നിവർ പ്രസംഗിച്ചു.