തെരച്ചിൽ വിഫലം: കടുവാ ഭീതി ഒഴിയാതെ അമരക്കുനിക്കാർ
1495111
Tuesday, January 14, 2025 5:27 AM IST
പുൽപ്പള്ളി: കടുവാ ഭീതിയൊഴിയാതെ അമരക്കുനി, തൂപ്ര നിവാസികൾ. കഴിഞ്ഞ ഏഴ് ദിവസമായി അമരക്കുനി പ്രദേശങ്ങളിൽ ഭീതിപരത്തുന്ന കടുവയെ ഇന്നലെയും വനംവകുപ്പിന്റെ തെരച്ചിലിൽ കണ്ടെത്താനായില്ല. എന്നാൽ, കടുവ രാത്രിയോടെ കെണിയൊരുക്കിയ കൂട്ടിൽ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകർ.
ഇന്നലെ പുലർച്ചെ ദേവർഗദ്ധ നെടുങ്കാലായിൽ കേശവന്റെ വീടിന് പിന്നിലെ കൂട്ടിൽ നിന്ന് ആടിനെ കടുവ പിടിച്ചിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ഈ മേഖലയിൽ പുതിയ കൂട് സ്ഥാപിച്ചു. ഈ കൂടിന് സമീപം കടുവ ഇന്നലെ പുലർച്ചെ എത്തിയെങ്കിലും കൂട്ടിൽകയറാതെ മടങ്ങുകയായിരുന്നു. വനംവകുപ്പ് രാത്രി തെർമൽ കാമറ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും തുടർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ല. കടുവ ഈ മേഖലയിൽതന്നെയുണ്ടെന്ന് സൂചന ലഭിച്ചതോടെ കൂട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുണ് സഖറിയയുടേയും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്റെയും നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം മുത്തങ്ങയിൽനിന്ന് തെരച്ചിലിനായി കുംകിയാനകളെ എത്തിച്ചെങ്കിലും ഇവയെ ഉപയോഗിച്ചില്ല. കടുവ രാത്രി മാത്രമേ ഇരതേടി പുറത്തിറങ്ങുന്നുള്ളുവെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ഈ സമയത്ത് മയക്കുവടിവച്ച് പിടികൂടാൻ സാധിക്കില്ല. പകൽ ഒളിച്ചിരുന്ന കടുവയെ കണ്ടെത്തുകയും ദുഷ്കരമാണ്.
ഇതാണ് കടുവയെ പിടികൂടാൻ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. കടുവ ആടുകളെ മാത്രം ഇരയാക്കുന്നതിനാൽ കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കാനാണ് സാധ്യതയെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
മേഖലയിൽ 24 മണിക്കൂറും വനംവകുപ്പിന്റെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അമരക്കുനിയിലെ വനംവകുപ്പിന്റെ ബേസ് ക്യാന്പ് തൂപ്രയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്തിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് തയാറാകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്.
ഇന്ന് വീണ്ടും പരിശോധന ശക്തമാക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. കടുവാ സാന്നിധ്യം മേഖലയിൽ കണ്ടെത്തിയതോടെ അമരക്കുനി, അന്പത്താറ്, തൂപ്ര, ദേവർഗദ്ധ പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.