പറന്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം; പ്രതിക്ക് 12 വർഷം തടവും 1,20,000 രൂപ പിഴയും
1495113
Tuesday, January 14, 2025 5:27 AM IST
മേപ്പാടി: പറന്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട് അഡീഷണൽ സെഷൻസ് കോടതി (സ്പെഷൽ എൻഡിപിഎസ് ) ജഡ്ജ് വി. അനസ് 12 വർഷം തടവും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2020 ജൂണിൽ ഇയാളുടെ പറന്പിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.സി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തതും.
തുടർന്ന് ഇൻസ്പെക്ടർ എസ്എച്ച്ഒ ജി. രാജ്കുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർമാരായ ഇ.വി. ലിജീഷ്, എം.ജി. ശ്രദ്ധാധരൻ എന്നിവർ ഹാജരായി.