ബ്രഹ്മഗിരി സൊസൈറ്റി ബാധ്യത സിപിഎം ഏറ്റെടുക്കണം: പ്രതിപക്ഷ നേതാവ്
1495117
Tuesday, January 14, 2025 5:27 AM IST
സുൽത്താൻ ബത്തേരി: ഒരുപാട് ആത്മഹത്യകൾ നടക്കാൻ സാധ്യതയുള്ളതാണ് ബ്രഹ്മഗിരി സൊസൈറ്റി ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 200 മുതൽ 400 കോടി രൂപയാണ് സിപിഎം നേതാക്കൾ തട്ടിയെടുത്തത്.
നിരവധി പേരാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നത്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരുടെ വീടുകളിൽ പോയി 400 കോടിയുടെ ബാധ്യത സിപിഎം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് എം.വി. ഗോവിന്ദൻ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എത്ര പേരാണ് പെൻഷൻ കിട്ടിയ പണം സൊസൈറ്റിയിൽ നൽകിയത്. അവരുടെയൊക്കെ കാര്യം എം.വി. ഗോവിന്ദൻ ആദ്യം അന്വേഷിക്കട്ടെ. 400 കോടിയാണ് സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത്. എന്നിട്ടാണ് സംസ്ഥാന സെക്രട്ടറി നാണമില്ലാതെ എൻ.എം. വിജയന്റെ ബാധ്യത ഏറ്റെടുക്കുമെന്നു പറയുന്നത്. പോലീസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎമ്മിനെ പോലെ തങ്ങൾ പറഞ്ഞിട്ടില്ല.
ആരെയും പ്രതിരോധിച്ചിട്ടുമില്ല. വസ്തുതകൾ കണ്ടെത്തുന്നതിനു വേണ്ടിയാണ് പാർട്ടി അന്വേഷണം നടത്തുന്നത്. നിയമനങ്ങൾ സംബന്ധിച്ച് എവിടെയെങ്കിലും പരാതി ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. നിയമനത്തിന്റെ പേരിൽ അഴിമതി നടത്താൻ പാടില്ല. അതിനു വേണ്ടി പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.