വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര നിലപാട് വിവേചനം: ടി.ജെ. ആഞ്ചലോസ്
1487355
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: ദേശീയ ദുരന്ത നിവാരണനിധിയിൽനിന്നു വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര മന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവന രാഷ്ട്രീയ വിവേചനമാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. എഐടിയുസി വടക്കൻ മേഖലാ പ്രക്ഷോഭജാഥയ്ക്ക് ടൗണിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചാൽ അന്തർദേശീയ ഏജൻസികളുടെ സഹായം കേരളത്തിനു ലഭ്യമാകും. ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 13 പ്രകാരം ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻപോലും തയാറാകാതെ മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ദുരന്തത്തെ എൽ 3 പട്ടികയിൽപ്പെടുത്തിയാൽ താത്പര്യമുള്ള പാർലമെന്റ് അംഗങ്ങൾക്ക് പ്രാദേശിക വികസന ഫണ്ട് ഇതിലേക്ക് വിനിയോഗിക്കാം. ഈ സൗകര്യവും കേന്ദ്രം നിഷേധിക്കുകയാണ്. പാർലമെന്റ് അംഗങ്ങളുടെ നിവേദനം സ്വീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിനെതിരേ പറഞ്ഞ കാര്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതിലൂടെ വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്ര സ്വീകരിച്ച നിലപാട് ദുരൂഹമാണെന്നും ആഞ്ചലോസ് പറഞ്ഞു.
മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ആർ. പ്രസാദ്, പി. സുബ്രഹ്മണ്യൻ, വിജയൻ കുനിശേരി, കെ.വി. കൃഷ്ണൻ, സി.കെ. ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, പി.കെ. മൂർത്തി, കെ.സി. ജയപാലൻ, കെ. മല്ലിക, എലിസബത്ത് അസീസി, പി.കെ. നാസർ, വിജയൻ ചെറുകര, സി.എസ്. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.