കേരള വനനിയമഭേദഗതി ബിൽ പിൻവലിക്കണം: ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ
1487352
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: കേരള വന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ താത്പര്യ സംരക്ഷണത്തിനാണ് നിയമ ഭേദഗതി.
അധികാര ദുർവിനിയോഗത്തിനും അഴിമതി വർധിക്കാനും ബിൽ അവസരമൊരുക്കും. കേസിൽ ഉൾപ്പെട്ടയാളെ വാറന്റ് ഇല്ലാതെ അറസ്റ്റുചെയ്യാനുള്ള അധികാരം ഫോറസ്റ്റ് ഓഫീസർമാർക്ക് നൽകുന്നത് ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണ്. കാട്ടിൽ കയറി ആരും മരം മുറിക്കുന്നില്ല. സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ നശിപ്പിക്കുന്നത് ജനങ്ങളല്ല. വനവും വനസന്പത്തും സംരക്ഷിക്കുന്നതിൽ പൊതുജനം വഹിക്കുന്ന പങ്ക് സ്ത്യുത്യർഹമാണ്.
പട്ടയഭൂമികളിലെ മരങ്ങളിലുള്ള വനം വകുപ്പിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കണം. കൃഷിഭൂമികളിലെ മരങ്ങളുടെ പൂർണ ക്രയവിക്രയാധികാരവും അവകാശങ്ങളും കർഷകർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജാബിർ കരണി ഉദ്ഘാടനം ചെയ്തു. ജയിംസ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങൾ, വി.ജെ. ജോസ്, കെ.പി. ബെന്നി, ആർ. വിഷ്ണുരാജ്, കെ.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു.