ഉരുൾപൊട്ടൽ, പ്രളയ ദുരന്തബാധിതർക്ക് സഹായം: ഉദ്ഘാടനം ചെയ്തത് ഒമ്പത് പദ്ധതികൾ
1487357
Sunday, December 15, 2024 7:22 AM IST
മാനന്തവാടി: ജില്ലയിലെ ഉരുൾപൊട്ടൽ, പ്രളയ ദുരന്തബാധിതർക്ക് ആശ്വാസമേകി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കിയ ഒമ്പത് പദ്ധതികൾ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഹാളിലാണ് ചടങ്ങ് നടന്നത്.
സൗത്ത് അമേരിക്കൻ രാജ്യമായ ചിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലാവിപ് ഏജൻസിയുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കായ പട്ടികവർഗ വീടുകളുടെ താക്കോൽദാനം, സംസ്ഥാന പിന്നാക്ക വികസന കോർപറേഷനുമായി സഹകരിച്ച് 30 സ്വാശ്രയ സംഘങ്ങൾക്ക് മൂന്നു കോടി രൂപ വായ്പ വിതരണം, പുഞ്ചിരിമട്ടം ദുരന്തത്തിൽപ്പെട്ട വിദ്യർഥികൾക്ക് ലൈഫ് യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് മലയാളീസ് ലൈസിസ്റ്റർ എന്നിവർ നൽകിയ സ്കോളർഷിപ്പ് വിതരണം, ഉരുൾ ദുരന്തബാധിതരായ 25 വിദ്യാർഥികൾക്ക് വോയ്സ് ട്രസ്റ്റ് ചെന്നൈ അനുവദിച്ച സൈക്കിൾ വിതരണം, ദുരിതബാധിതർക്കുള്ള പോത്തുകുട്ടി വിതരണം, കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ദുരിതബാധിതക്കായി നടപ്പാക്കിയ കോഴിയും കൂടും പദ്ധതി, കേരള അസോസിയേഷൻ ഓഫ് പോളണ്ടിന്റെ സാന്പത്തിക സഹായത്തോടെ ദുരിതബാധിതർക്ക് ഹൈസ്പീഡ് ടൈലറിംഗ് മെഷീൻ വിതരണം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചുമായി സഹകരിച്ച് സൊസൈറ്റി നടപ്പിലാക്കുന്ന പച്ചക്കറി വിത്ത് വിതരണം എന്നിവയുടെ ഉദ്ഘാടനമാണ് നടത്തിയത്.
മന്ത്രി ഒ.ആർ. കേളു, മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യുട്ടിവ് ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, വോയ്സ് ട്രസ്റ്റ് ചെന്നൈ അഡ്മിനിസ്ട്രേറ്റർ ജാനറ്റ് പ്രീതി, കാത്തലിക് റിലീഫ് സർവീസ് ഫിനാൻസ് മാനേജർ വർഗീസ് ജോണ്‍, ബയോവിൻ അഗ്രോ റിസർച്ച് മാനേജിംഗ് ഡയറക്ടർ ഫാ.ജോണ്‍ ചൂരപ്പുഴയിൽ, കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി എന്നിവർ പദ്ധതികളുടെ ഉദ്ഘാടകരായി.
സൊസൈറ്റി എക്സിക്യുട്ടിവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, കേരള സോഷ്യൽ സർവീസ് ഫോറം പ്രോജക്ട് മാനേജർ കെ.ഡി. ജോസഫ്, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ബയോവിൻ അസോസിയേറ്റ് ഡയറക്ടർ ഫാ.ബിനു പൈനുങ്കൽ, മുനിസിപ്പൽ കൗണ്‍സിലർ ആലീസ് സിസിൽ, മുണ്ടക്കൈ-ചൂരൽമല ജനകീയ സമിതി കണ്‍വീനർ നസീർ ആലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽനിന്നു 30 കുട്ടികളടക്കം നൂറിൽപരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
സൊസൈറ്റി പ്രവർത്തകർ, ജനകീയ കൗണ്‍സിലർമാർ, വടകര എംഇഎസ് കോളജ്, അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജ്, മൈസൂരു സെന്റ് ഫിലോമിനാസ് കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ നേതൃത്വം നൽകി.