രാത്രി യാത്രാനിരോധനം: തുരങ്കപാത നിർമിക്കാന്‍ സർക്കാരുകളുടെ ഇടപെടൽ വേണം
1487356
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: ദേശീയപാത 766ൽ ബന്ദിപ്പുര വനഭാഗത്ത് രാത്രിയാത്രാനിരോധനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര, കേരള, കർണാടക സർക്കാരുകൾ ഇടപെടപെട്ട് തുരങ്കപാത നിർമിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വനഭാഗത്തെ രാത്രി യാത്രാനിരോധനം പിൻവലിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വനത്തിൽ മേൽപ്പാലങ്ങൾ നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് 2018ൽ കേരള സർക്കാരും കേന്ദ്ര റോഡ് ഗതാഗത-ഹൈവേസ് മന്ത്രാലയവും നിർദേശിച്ചു. കേന്ദ്ര മന്ത്രാലയം അഞ്ച് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനു പദ്ധതി തയാറാക്കി. പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാൻ കേരള സർക്കാർ തയ്യാറായി. എന്നാൽ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല.
കേന്ദ്ര സർക്കാരിന്റെ രണ്ട് വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതി രണ്ട് മന്ത്രാലയങ്ങളുടെയും സെക്രട്ടറിതല യോഗം വിളിച്ചെങ്കിലും വനം-പരിസ്ഥിതി മന്ത്രാലയം കുട്ട-ഗോണിക്കുപ്പ വഴിയുള്ള ബദൽ പാത എന്ന നിലപാടിൽ ഉറച്ചുനിന്നു.
ഇതോടെ കേന്ദ്ര റോഡ് ഗതാഗത-ഹൈവേസ് മന്ത്രാലയം ഈ തീരുമാനത്തോട് യോജിച്ചു. അതിനാൽ മേൽപ്പാല പദ്ധതിക്ക് സുപ്രീം കോടതി അനുമതി നൽകിയില്ല. ഈ സാഹചര്യത്തിലാണ് ബദൽപാത വികസിപ്പിച്ച് ദേശീയപാത 766 അടച്ചുപൂട്ടുന്നതിനു നിർദേശം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. വനം-പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയും ഇതുസംബന്ധിച്ചു നിർദ്ദേശങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു.
ഇതിനിടെ, നിലന്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതിക്കുവേണ്ടി ബന്ദിപ്പുര വനത്തിൽ തുരങ്കപാത നിർമിക്കുന്നതിനു സർവേയും ഡിപിആറും കർണാടക സർക്കാരിന്റെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റയും എതിർപ്പില്ലാതെ റെയിൽവേ പൂർത്തിയാക്കി. റെയിൽവേയ്ക്ക് പരിസ്ഥിതി നിയമങ്ങൾ ബാധകമല്ല എന്നതും തുരങ്കപാത എന്ന ആനുകൂല്യവും ഉണ്ടാവുകയും ചെയ്തു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ബന്ദിപ്പുര വനത്തിൽ ദേശീയപാത തുരങ്കം വഴിയാക്കണമെന്നും കഴിയുമെങ്കിൽ റോഡിനും റെയിൽവേയ്ക്കും പൊതുവായ തുരങ്കം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
ഈ ആവശ്യത്തോടുള്ള പ്രതികരണം അറിയിക്കാൻ കോടതി കേരള, കർണാടക സർക്കാരുകളോടും കേന്ദ്ര റെയിൽവേ, റോഡ് ഗതാഗത-ഹൈവേസ്, വനം-പരിസ്ഥിതി മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി കേന്ദ്ര മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തിയിട്ടുണ്ട്.
രാത്രിയാത്രാ നിരോധനക്കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുരങ്കപാതയ്ക്ക് അനുകൂലമായി കേന്ദ്ര, കേരള, കർണാടക സർക്കാരുകൾ സുപ്രീം കോടതിയിൽ നിലപാട് എടുത്താൽ രാത്രിയാത്രാ നിരോധനപ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കണ്‍വീനർ അഡ്വ. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, എം.എ. അസൈനാർ, രാജൻ തോമസ്, ജോസ് കപ്യാർമല, ജോയിച്ചൻ വർഗീസ്, ജോസ് തണ്ണിക്കോട്, അനിൽ, സി. അബ്ദുൾ റസാഖ്, മോഹൻ നവരംഗ്, ഐസണ്‍ ജോസ്, നാസർ കാസിം, ജേക്കബ് ബത്തേരി എന്നിവർ പ്രസംഗിച്ചു.
-