ആരവം ഒഴിഞ്ഞ് പൂക്കോട് വിനോദസഞ്ചാരകേന്ദ്രം
1487359
Sunday, December 15, 2024 7:22 AM IST
കൽപ്പറ്റ: അധിനിവേശ ഇനം പായൽ മൂടിയ തടാകം, പ്രവർത്തനം നിലച്ച കുട്ടികളുടെ പാർക്ക്, പൊട്ടിപ്പൊളിഞ്ഞ ബോട്ട് ജെട്ടി, കാലപ്പഴക്കവും തകാറുകളും മൂലം സുരക്ഷിത ജലയാത്രയ്ക്കു ഉതകാത്ത ചവിട്ട്, തുഴ ബോട്ടുകൾ, അവശ നിലയിലുള്ള കെട്ടിടങ്ങൾ, സന്ദർശകത്തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടർ... ഇത് വയനാട്ടിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ പൂക്കോടിന്റെ ഇപ്പോഴത്തെ അവസ്ഥ.
ജില്ലാ ടൂറിസം പ്രമേഷൻ കൗണ്സിലിനു കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രമാണ് പൂക്കോട്. സ്വദേശികളും വിദേശികളുമാടക്കം ദിനേന നാലായിരത്തിലധികം സഞ്ചാരികൾ എത്തിയിരുന്ന ഇവിടെ അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ സന്ദർശകരാണ് ഇപ്പോൾ വന്നുപോകുന്നത്.
മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്നു ജില്ലയിൽ ടൂറിസം മേഖലയെ ആകെ ഗ്രസിച്ച മാന്ദ്യമാണ് പൂക്കോടും പ്രകടമാകുന്നതെന്നു ഡിടിസിപിസിയുമായി ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും വാസ്തവം അതല്ലെന്നാണ് പ്രദേശവാസികളുടെ പക്ഷം.
തടാകത്തിന്റെ സുന്ദരദൃശ്യം ഒഴികെ സഞ്ചാരികളെ ആകർഷിക്കാനും ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ പ്രേരിപ്പിക്കാനുമുള്ള വകകൾ ഇല്ലാത്തതാണ് പൂക്കോടിന്റെ ദുരവസ്ഥയ്ക്കു കാരണമെന്ന അവർ പറയുന്നു.
ഒരു വർഷം മുൻപ് നിലച്ചതാണ് പൂക്കോട് തടാകക്കരയിലെ കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം. പാർക്കിൽ കുട്ടികളുടെ വിനോദത്തിനു സ്ഥാപിച്ച സംവിധാനങ്ങളെല്ലാം തകർന്നുകിടക്കുകയാണ്. സുരക്ഷിതമായി ഇരുന്ന ആടാവുന്ന ഉൗഞ്ഞാൽപോലും നിലവിൽ ഇല്ല. അതിനാൽത്തന്നെ രക്ഷിതാക്കൾക്കൊപ്പം പൂക്കോട് എത്തുന്ന കുട്ടികൾ എത്രയും വേഗം തിരിച്ചുപോകാൻ ശാഠ്യം പിടിക്കുകയാണ്.
ബോട്ടിംഗ് സൗകര്യപ്രദമാക്കുന്നതിന് തടാകത്തിൽ 2013ൽ നിർമിച്ച ജെട്ടി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ജെട്ടിയിൽനിന്നു ബോട്ടിൽ കയറാനും ഇറങ്ങാനും പ്രയാസപ്പെടുകയാണ് സഞ്ചാരികൾ. തടാകയാത്രയ്ക്കു സജ്ജമാക്കിയ ബോട്ടുകളുടെ അവസ്ഥയും പരിതാപകരമാണ്. ഏഴുപേർക്ക് ഇരിക്കാവുന്ന എട്ട് തുഴബോട്ടും നാലുപേർക്ക് സഞ്ചരിക്കാവുന്ന 12 ഉം രണ്ടു പേർക്ക് ഇരിക്കാവുന്ന 11 ഉം ചിവിട്ടുബോട്ടുമാണ് തടാകത്തിലുള്ളത്. 2018ൽ വാങ്ങിയ ഇവയിൽ ഏതാനും ബോട്ടുകൾ മാത്രമാണ് തടാകത്തിൽ സുരക്ഷിതമായി ഇറക്കാൻ പരുവത്തിൽ. അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗിക്കാവുന്നതാണ് ബോട്ടുകളിൽ പലതും. എന്നാൽ ഉത്തരവാദപ്പെട്ടവർ അതിനു തയാറാകുന്നില്ല.
നീക്കുംതോറും വ്യാപിക്കുകയാണ് തടാകത്തിൽ അധിനിവേശ ഇനം പായൽ. സമുദ്രനിരപ്പിൽനിന്നു ഏകദേശം 700 മീറ്റർ ഉയരത്തിലാണ് വിസ്തൃതിയിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് ശുദ്ധജല തടാകം. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് ടൂറിസം കേന്ദ്രമായത്. നാല് പതിറ്റാണ്ടു മുൻപ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. നിലവിൽ ഇത് യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്. തടാകത്തിന്റെ മുക്കാൽ ഭാഗവും പായൽമൂടിക്കിടക്കുകയാണ്. ബോട്ടിംഗിനു യോജിച്ചതല്ല പായൽ മൂടിയ തടാകഭാഗം.
2022ൽ രണ്ടരക്കോടി രൂപ ചെലവിൽ തടാകത്തിൽനിന്നു പായലും ചെളിയും നീക്കം ചെയ്തെങ്കിലും ഇതിന്റെ ഗുണം ഏറെക്കാലം നീണ്ടില്ല. ബോട്ടിംഗ് മുടങ്ങുന്നത് ഒഴിവാക്കാൻ ജീവനക്കാരെ നിയോഗിച്ചാണ് നിലവിൽ പായൽ നീക്കുന്നത്. എല്ലാ ആഴ്ചയും തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിലാണ് ഈ പ്രവൃത്തി.
വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കാവുന്നതേയുള്ളൂവെന്ന് പൂക്കോട് നിവാസികൾ പറയുന്നു. ഇതിനു കുട്ടികളുടെ പാർക്ക് നവീകരിക്കണം. പഴയ കെട്ടിടങ്ങളും ബോട്ട് ജെട്ടിയും പുനർനിർമിക്കണം. വിദഗ്ധ തൊഴിലാളികളെ നിയോഗിച്ച് പായൽ നീക്കണം. ബോട്ടുകൾ ക അറ്റകുറ്റപ്പണി നടത്തി കുറ്റമറ്റതാക്കണം. പുതിയ ബോട്ടുകൾ വാങ്ങണം. ഇതിനെല്ലാംകൂടി അഞ്ച് കോടിയിൽ താഴെ രൂപ മതിയാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
ടി.എം. ജയിംസ്