കൽപ്പറ്റയിൽ ’പ്രയുക്തി-2024’ തൊഴിൽ മേള ഇന്ന്
1487350
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ’പ്രയുക്തി-2024’ എന്ന പേരിൽ എസ്കെഎംജെ സ്കൂളിൽ തൊഴിൽ മേള നടത്തുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള 23 തൊഴിൽദായക സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.ടി. ജയപ്രകാശ്, മറ്റുദ്യോഗസ്ഥരായ എ.കെ. മുജീബ്, ടി.സി. രാജേഷ്, എം. അശോക് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതയ്ക്കും താത്പര്യത്തിനും അനുസരിച്ച് തൊഴിൽ ദാതാക്കളെ കാണാനും ജോലി നേടാനും അവസരം ഉണ്ടാകും. മേളയിൽ പങ്കെടുക്കുന്നതിന് ക്യൂആർ കോഡുകൾ സ്കാൻ ചെയ്ത് രജിസ്ട്രേഷൻ നടത്താം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.
ഐടി മേഖലയിലെ 400 ഉൾപ്പെടെ ആയിരത്തിൽപരം ഒഴിവുകളിൽ നിയമനം ഉണ്ടാകും. കഴിഞ്ഞവർഷം കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നടത്തിയ മേളകളിലൂടെ 1,100ൽപരം ആളുകൾക്കു ജോലി ലഭിച്ചതായും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പറഞ്ഞു.
.