കാരാപ്പുഴ ഡാമിൽ നിന്നും തുറന്നുവിട്ട ജലം മരക്കടവ് തടയണയിലെത്തി
1417626
Saturday, April 20, 2024 6:07 AM IST
പുൽപ്പള്ളി: കാരാപ്പുഴ ഡാമിൽനിന്നും കബനി നദിയിലേക്ക് തുറന്നുവിട്ട ജലം മരക്കടവ് പന്പ് ഹൗസിന് സമീപം നിർമിച്ച തടയണയിലെത്തി. ഇന്നലെ രാത്രിയോടെയാണ് വെള്ളമെത്തി തുടങ്ങിയത്.
ബുധനാഴ്ച രാവിലെയാണ് കാരാപ്പുഴ ഡാമിൽ നിന്നും കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടത്. മരക്കടവിലെ താത്കാലിക തടയണയിൽ വെള്ളം സംഭരിച്ചാൽ അടുത്ത ദിവസം തന്നെ കുടിവെള്ള വിതരണത്തിനുള്ള പന്പിംഗ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാരാപ്പുഴ ഡാമിൽ നിന്നു കുടിവെള്ള ആവശ്യത്തിനായി കബനി നദിയിലേക്ക് അഞ്ച് ക്യുമെക്സ് തോതിലാണ് വെള്ളം തുറന്നുവിട്ടിരിക്കുന്നത്. കബനി കുടിവെള്ള പദ്ധതിയുടെ പന്പിംഗ് മുടങ്ങിയതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാൻ നടപടി സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി കബനി നദിയിലെ മരക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ തടയണ നിർമിച്ചിരുന്നു. ആദ്യമായാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഡാമിൽ നിന്നു വെള്ളം തുറന്നുകൊടുത്തത്.