കാട്ടുപോത്ത് വെടിയേറ്റുചത്ത കേസിൽ അഞ്ചു പേർ കീഴടങ്ങി
1399491
Wednesday, March 13, 2024 5:40 AM IST
ഊട്ടി: കുന്താ കാട്ടേരി ഡാമിന് സമീപം റോഡരികിൽ കാട്ടുപോത്ത് വെടിയേറ്റു ചത്ത കേസിൽ അഞ്ചു പേർ കീഴടങ്ങി. ഓവാലി, ധർമഗിരി, മണൽവയൽ സ്വദേശികളാണ് കോടതിയിൽ കീഴടങ്ങിയത്. കേസിൽ നേരത്തേ മൂന്നുപേർ വനസേനയുടെ പിടിയിലായിരുന്നു. കാട്ടുപോത്തിന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് വെടിയേറ്റതായി സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറും ജീപ്പും കടന്നുപോയതു കണ്ടത്തി.
ഇതേത്തുർന്ന് ഊട്ടി, ഗൂഡല്ലൂർ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മാംസത്തിനായി കാട്ടുപോത്തിനെ വേട്ടയാടുകയായിരുന്നുവെന്ന് മനസിലായത്. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരവും ലഭിച്ചു. ഒളിവിലുള്ളവരെ പിടികൂടാൻ വനസേന ഉർജിത ശ്രമം നടത്തുന്നതിടെയാണ് അഞ്ചു പേർ കോടതിയിൽ കീഴടങ്ങിയത്. ഒക്ടോബർ 19നാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്.