സ്കൂൾ പോഷകാഹാരത്തോട്ടം: അധ്യാപകർക്കു പരിശീലനം നൽകി
1335311
Wednesday, September 13, 2023 2:52 AM IST
കൽപ്പറ്റ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയം ജില്ലയിലെ തെരഞ്ഞെടുത്ത 10 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പോഷകാഹാരത്തോട്ടം പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് പരിശീലനം നൽകി.
ഗവേഷണ നിലയത്തിലെ ശാസ്ത്രജ്ഞൻ ജോസഫ് ജോണ്‍, ഡോ.അർച്ചന ഭട്ട്, ഡോ.വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക ഭക്ഷ്യവിള വൈവിധ്യ സംരക്ഷണം, പ്രാദേശിക ഭക്ഷ്യവിളകളെക്കുറിച്ചുള്ള പോഷക അവബോധം, വൈവിധ്യവും പോഷകസന്പുഷ്ടവുമായ വിളകൾ നട്ടുപരിപാലിക്കൽ, കാലാവസ്ഥ അനുരൂപീകരണ കൃഷി ബോധവത്കരണം എന്നിവ പദ്ധതി ലക്ഷ്യമാണ്. വിദ്യാലയത്തിൽ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചേർന്നാണ് പോഷകാഹാരത്തോട്ടം തയാറാക്കുക.
പദ്ധതി പിന്നീട് വിദ്യാർഥികളുടെ പുരയിടങ്ങിലേക്കും മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. ഇലവർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവിളകൾ, ചെറുധാന്യങ്ങൾ തുടങ്ങി 32 ഇനം വിളകളാണ് പോഷകാഹാരത്തോട്ടത്തിൽ നട്ടുപരിപാലിക്കുക.