കിസാൻസഭ പാർലമെന്റ് മാർച്ച് 31ന്
1279504
Tuesday, March 21, 2023 12:02 AM IST
കൽപ്പറ്റ: അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 31ന് പാർലമെന്റ് മാർച്ച് നടത്തും. 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, വന്യജീവികളിൽനിന്നു മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലുക, കാടും നാടും വേർതിരിക്കുക, വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കുക, വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, വനത്തെ ഏകവിളത്തോട്ടമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ജില്ലയിൽനിന്നു 125 പേർ മാർച്ചിൽ പങ്കെടുക്കുമെന്ന് കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി, സെക്രട്ടറി ഡോ.അന്പി ചിറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് പ്രചാരണ വാഹനജാഥ 22ന് വൈകുന്നേരം ചീരാലിൽ സമാപിക്കും. 43 കേന്ദ്രങ്ങളിൽ ജാഥ പര്യടനം ഉണ്ടാകും. മാർച്ചിൽ പങ്കെടുക്കുന്നവർക്ക് 28ന് വൈകുന്നേരം നാലിന് കൽപ്പറ്റയിൽ യാത്രയയപ്പ് നൽകും.