തോട്ടം മേഖലയ്ക്കായി പാക്കേജ് പ്രഖ്യാപിക്കണം: ആർ. ചന്ദ്രശേഖരൻ
1278991
Sunday, March 19, 2023 1:10 AM IST
കൽപ്പറ്റ: തോട്ടം മേഖലയ്ക്കായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ്പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മെച്ചപ്പെട്ട കൂലി, ആരോഗ്യപരിരക്ഷ, ഭവന പദ്ധതി, മക്കളുടെ വിദ്യാഭ്യാസം എന്നിവ നിർബന്ധമായും പാക്കേജിൽ ഉൾപ്പെടുത്തണം. തോട്ടം തൊഴിലാളികളുടെ ദിനവേതനം 700 രൂപയാക്കി വർധിപ്പിച്ച് സർക്കാർ വിജ്ഞാപനം ഇറക്കണം. മൂല്യവർധിത ഉത്പന്നങ്ങളുടെ വിൽപനയിൽ നിന്നുള്ള വിഹിതവും ഉൾപ്പെടുന്ന രീതിയിലുള്ള കൂലിവർധനവാണ് ആഗ്രഹിക്കുന്നത്.
തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നാമമാത്ര ആളുകൾക്കാണ് ഗുണം ലഭിച്ചത്. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും മാനേജ്മെന്റുകളും വിഹിതം എടുത്ത് തൊഴിലാളികൾക്കായി ഭവനപദ്ധതി നടപ്പാക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരേ പ്രഖ്യാപിച്ച സമരം ശക്തമാക്കും. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെ അഭിമാനത്തോടെയാണ് സംഘടന കാണുന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ വിജയത്തിന് ഐഎൻടിയുസി സർവശക്തിയും പ്രയോഗിക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. നേതാക്കളായ വി.ജെ. ജോസഫ്, എം.പി. പദ്മനാഭൻ, പി.പി. ആലി, ബി. സുരേഷ്ബാബു, ടി.എ. റെജി എന്നിവരും പങ്കെടുത്തു.