തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളി വൈദിക മന്ദിരം ആശീര്‍വദിച്ചു
1590244
Tuesday, September 9, 2025 5:20 AM IST
തിരുവമ്പാടി: സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയുടെ പുതിയ വൈദിക മന്ദിരം "ഹൃദയാലയം' താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആശീര്‍വദിച്ചു. ഇടവകയുടെ 81-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആദ്യ വികാരി ഫാ. ജെയിംസ് മോന്തനാരിയുടെ സ്മാരകമായി വൈദിക മന്ദിരം നിര്‍മിച്ചത്. മലയോര മേഖലയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വൈദികര്‍ നാടിന് അനുഗ്രഹമായിരുന്നുവെന്ന് ബിഷപ് പറഞ്ഞു.
ഫാ.തോമസ് കളപ്പുരയ്ക്കല്‍ ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ സമൂഹ ബലിയില്‍ സഹകാര്‍മികരായിരുന്നു. സമര്‍പ്പിത ജീവിതത്തിന്റെയും വിവാഹ ജീവിതത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെയും സംസ്ഥാനതലത്തില്‍ പുരസ്കാരം നേടിയവരെയും ചടങ്ങിന്റെ ഭാഗമായി ആദരിച്ചു. ഇടവകയുടെ നേതൃത്വത്തില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മിച്ച മൂന്നു വീടുകളുടെ താക്കോല്‍ ചടങ്ങില്‍ കൈമാറി.
മികച്ച കുടുംബ യൂണിറ്റുകള്‍ക്ക് കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഏര്‍പ്പെടുത്തിയ ബേബി പെരുമാലില്‍ മെമ്മോറിയല്‍ പുരസ്കാരം സെന്റ് സെബാസ്റ്റ്യന്‍സ്, സെന്റ് ഹെലേന, ബേത്ലഹേം യൂണിറ്റുകള്‍ക്ക് സമ്മാനിച്ചു. വചന ജ്വാല, ലോഗോസ് ക്വിസ് വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോയും സമ്മാനിച്ചു. പൊതുസമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്റ് വികാരി ഫാ.ജേക്കബ് തിട്ടയില്‍, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പന്‍, സിഎംസി പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പവിത്ര എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ബൈജു കുന്നുംപുറത്ത്, സിബി വെട്ടിക്കല്‍, ജോണ്സണ് പുളിവേലില്‍, ലിതിന് മുതുകാട്ട്പറമ്പില്, വല്‍സമ്മ കൊട്ടാരം, സണ്ണി പെണ്ണാപറമ്പില്‍, വിപിന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.