വിജിലിന്റെ മൃതദേഹം കണ്ടെത്തുന്നതിനു വീണ്ടും തിരച്ചില്‍ തുടങ്ങി
1590228
Tuesday, September 9, 2025 4:43 AM IST
കോഴിക്കോട് : സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടുവെന്ന് കരുതുന്ന വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള പരിശോധന ഇന്നലെ വീണ്ടും ആരംഭിച്ചു. കനത്ത മഴെയത്തുടര്‍ന്ന് ഓണത്തിനുമുമ്പ് നിര്‍ത്തിവച്ചിരുന്ന പരിശോധനയാണ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. കേസിലെ രണ്ടു പ്രതികളെയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സരോവരത്തിന് സമീപത്തെ ചതുപ്പിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്.
ചതുപ്പില്‍ കെട്ടികിടക്കുന്ന വെള്ളവും ചെളിയും മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്. ചെളിയില്‍ പൂഴ്ന്ന് കിടക്കുന്ന മരത്തടികളും മറ്റും ഇന്നലെ മാറ്റി. ഇന്ന് വീണ്ടും ചെളി പൂര്‍ണമായും മാറ്റിയ ശേഷം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആൻഡ് സ്റ്റഡി സെന്ററിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടത്തിനായി ലാന്‍ഡ് പെനിറ്റ്റൈറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. അഞ്ചു മുതല്‍ 10 മീറ്റര്‍ വരെ ആഴത്തിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ ഇതുവഴി കണ്ടെത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നലെ കഡാവര്‍ നായകളെ സ്ഥലത്തെത്തിച്ചെങ്കിലും പരിശോധന നടത്താന്‍ സാധിച്ചില്ല. കേസിലെ പ്രതികളായ കെ.കെ നിഖില്‍, ദീപേഷ് എന്നിവരെ കൊയിലാണ്ടി കോടതി ഇന്നലെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുനല്‍കി. ഇവരെ മൃതദേഹാവശിഷ്ടങ്ങള്‍ തിരയുന്ന സ്ഥലത്തെത്തിച്ചിരുന്നു.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് മൊഴി. വിജിലിന്റെ മോട്ടോര്‍ ബൈക്ക് കല്ലായ് റെയില്‍േവ സ്റ്റേഷന് പരിസരത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.