എലത്തൂര്‍ മണ്ഡലം അദാലത്ത്: 20 വരെ പരാതികള്‍ സ്വീകരിക്കും
1590242
Tuesday, September 9, 2025 5:20 AM IST
കോഴിക്കോട്: വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ 20വരെ സ്വീകരിക്കും.
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ടും സമര്‍പ്പിക്കാം. ഇ -ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി പരാതി സമര്‍പ്പിക്കുന്നവര്‍ ലോഗിന്‍ ചെയ്ത്, വണ്‍ടൈം രജിസ്ട്രേഷന് മെനുവിലെ ആപ്ലിക്കന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി എലത്തൂര്‍ മണ്ഡലം അദാലത്ത് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി മണ്ഡല പരിധിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും കോര്‍പറേഷന്റെ എലത്തൂരിലെ മേഖലാ ഓഫീസിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഹെല്‍പ്പ് ഡെസ്ക്കുകളില് സ്വീകരിക്കും.
ഇവിടെ ലഭിക്കുന്ന പരാതികളും അനുബന്ധ രേഖകളും സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്ത് കളക്ടറേറ്റിലെ സെന്‍ട്രല്‍ ഹെല്‍പ്പ് ഡെസ്ക്കിലേക്ക് നല്‍കും. ഇവിടെ നിന്നാണ് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും തുടര്‍ നടപടികള്‍ക്കായി കൈമാറുക.