നാദാപുരത്ത് വീണ്ടും ഭണ്ഡാര മോഷണം; ക്ഷേത്ര വാതിൽ തകർത്തു
1589963
Monday, September 8, 2025 5:22 AM IST
അധ്യാപകനുനേരേ മുഖംമൂടി ആക്രമണം
നാദാപുരം: ചേലക്കാടും നരിക്കാട്ടേരിയിലും വീണ്ടും ഭണ്ഡാര കവർച്ച പള്ളിയിലെയും ക്ഷേത്രത്തിലെയും പണം കവർന്നു ക്ഷേത്ര വാതിൽ തകർത്തു. ചേലക്കാട് കളയം കുളം ക്ഷേത്രത്തിലെയും നരിക്കാട്ടേരി തയ്യിൽ പള്ളിയിലെയും ഭണ്ഡാരങ്ങൾ ആണ് മോഷ്ടാവ് കവർന്നത്. നരിക്കാട്ടേരിയിൽ മുഖം മൂടി അണിഞ്ഞ് പർദ്ദ ധരിച്ച ആൾ അധ്യാപകനെ അക്രമിച്ച സംഭവവും ഉണ്ടായി.
നരിക്കാട്ടേരിതയ്യിൽ പള്ളിയിലെനേർച്ച പ്പെട്ടി മോഷ്ടാവ് എടുത്ത് കൊണ്ട് പോയതായി പള്ളി ഭാരവാഹികൾ പറഞ്ഞു. പള്ളി പരിസരത്തും മറ്റും ഭാരവാഹികൾ തെരച്ചിൽ നടത്തിയെങ്കിലും പണപ്പെട്ടി കണ്ടെത്താനായില്ല. കളയം കുളം ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ തകർത്ത നിലയിലാണ്.ഇവിടെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ ക്ഷേത്ര പരിസരത്ത് കളിക്കാനെത്തിയ കുട്ടികളാണ് മോഷണ വിവരം അറിയുന്നത്. ഭണ്ഡാരത്തിന് സമീപത്തുനിന്ന് ആയുധങ്ങളും തോർത്തും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇതിനിടെ നരിക്കാട്ടേരി എംഎൽപി സ്കൂൾ അധ്യാപകൻ ഉവൈസിനെ വീടിന് സമീപത്ത് പർദ്ദ ധരിച്ച ആൾ മുളക് പൊടി എറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ചതായി പോലീസിൽ പരാതി ലഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ പർദ്ദയും ഇരുമ്പ് വടിയും കണ്ടെത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ വാണിമേൽ, ഇരിങ്ങണ്ണൂർ, കുമ്മങ്കോട്, പുറമേരി മേഖലകളിൽ ആറിലേറെ ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ തുടർച്ചയായി മോഷണം പോയിട്ടുണ്ട്. കളവ് നടന്ന ക്ഷേത്രങ്ങളിൽ പോലീസ് പരിശോധന നടക്കുന്നുണ്ടെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.