നിര്ണായക തീരുമാനവുമായി മുസ്ലീം ലീഗ് : പാർട്ടിക്ക് ലെവി നൽകാത്ത ജനപ്രതിനിധികളെ മത്സരിപ്പിക്കില്ല
1589950
Monday, September 8, 2025 5:08 AM IST
മുക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിർണായക തീരുമാനവുമായി മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി. പാർട്ടിക്ക് നൽകേണ്ട ലെവി നൽകാത്ത ജനപ്രതിനിധികൾ, ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ നിർമാണത്തിന് ഒരു മാസത്തെ ഓണറേറിയം നൽകാത്ത ജന പ്രതിനിധികൾ എന്നിവരെ വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കും.
അതേ സമയംഇത്തരം ജനപ്രതിനിധികളുടെ വിവരവും മത്സര അയോഗ്യതയും സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകാൻ തീരുമാനമെടുത്തങ്കിലും വീഴ്ച വന്ന ലെവിയും, ഓണറേറിയവും അടക്കുന്നതിനും പാർട്ടി പത്രത്തിന്റെ വാർഷിക വരിക്കാരാവുന്നതിനും സെപ്റ്റംബർ 20 വരെ സമയം അനുവദിക്കും. ഇതിന് ശേഷവും ലെവി അടക്കാത്തവരും ഓണറേറിയം നൽകാത്തവരും പാർട്ടി പത്രത്തിന്റെ വരിക്കാരല്ലാത്തവരുമായ ജന പ്രതിനിധികളുടെ വിവരങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്നാണ് തീരുമാനം.
ജില്ലയിൽ നിരവധി മുസ്ലിം ലീഗ് ജനപ്രതിനിധികൾ ഇത്തരത്തിൽ ലെവി നൽകാത്തവരും ഓണറേറിയം നൽകാത്തവരും പാർട്ടി പത്രത്തിന്റെ വരിക്കാരല്ലാത്തവരും ഉണ്ട് എന്ന് മനസിലാക്കിയാണ് ഒരവസരം കൂടി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തിരുന്നങ്കിലും അന്ന് കുറച്ച് പേർ ലെവിയും ഓണറേറിയവുമടച്ച് നടപടികളിൽ നിന്ന് ഒഴിവായിരുന്നു. ജില്ലയിലെ നിയോജക മണ്ഡലം വാർഷിക കൗൺസിൽ ഈ മാസം 10 മുതൽ 20 വരെയുള്ള തീയതികളിൽ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
സെപ്റ്റംബർ 10 ന് തിരുവമ്പാടി, 11 ന് നാദാപുരം, 12 ന് വടകര, ബേപ്പൂർ, കോഴിക്കോട് നോർത്ത്, കൊടുവള്ളി, എലത്തൂർ, 13 ന്ബാലുശ്ശേരി, പേരാമ്പ്ര, 14 ന് കുറ്റ്യാടി, കുന്ദമംഗലം, 15 ന് കൊയിലാണ്ടി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും മുസ് ലിം ലീഗ് ജില്ലാ വാർഷിക കൗൺസിൽ സെപ്റ്റംബർ 20 ശനി ഉച്ചക്ക് 2.30 ന് കോഴിക്കോട് ലീഗ് ഹൗസിൽ വെച്ചും ചേരും പാർട്ടി പത്രത്തിന്റെ വാർഷിക കൗൺസിലർമാർ അല്ലാത്തവർ കൗൺസിലർ സ്ഥാനത്ത് തുടരാൻ അയോഗ്യരാണന്നും അവർക്ക് പകരം വാർഷിക കൗൺസിലർ ആയവരെ തിരഞ്ഞെടുക്കേണ്ടതാണന്നും യോഗം അംഗീകരിച്ചിട്ടുണ്ട്.