‘രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ല’ : കെ.ടി. ജലീലിന് മറുപടിയുമായി പി.കെ. ഫിറോസ്
1589961
Monday, September 8, 2025 5:22 AM IST
കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ ആരോപണത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു. ലീഗിന്റെ വിശ്വാസ്യതയാണ് സിപിഎമ്മിന് പ്രശ്നമെന്നും ഫിറോസ് പറഞ്ഞു. വിദേശത്ത് കെഎംസിസി വേദിയിലായിരുന്നു ഫിറോസിന്റെ പ്രതികരണം.
വിശ്വാസ്യതയില്‍ പോറല്‍ ഏല്‍പ്പിക്കാനാണ് കെ.ടി. ജലീല്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ എന്റെ പിതാവ് പൊതുപ്രവര്ത്തകന് ആയിരുന്നു. പിതാവ് ബിസിനസുകാരന് കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക. അഭിമാനത്തോടെ ഇത് പറയുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി ഫിറോസ് നടത്തുന്നുവെന്നായിരുന്നു കെ.ടി. ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് 600ലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പി.കെ. ഫിറോസെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
2024 മാര്‍ച്ച് 23 മുതല്‍ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തില്‍ ബാധ്യത ഉള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പി.കെ. ഫിറോസിന്റെ പ്രതികരണം.