പശു പേയിളകി ചത്തു, ആശങ്ക
1589682
Sunday, September 7, 2025 5:09 AM IST
പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ കല്പത്തൂരിലെ അഞ്ചാം പീടികയിൽ പശു പേയിളകി ചത്തു. അമ്മോളു കണ്ടി മനോജിന്റെ വീട്ടിലെ നാല് മാസം ഗർഭിണിയായ പശുവാണ് ചത്തത്. ബുധനാഴ്ചയാണ് പശു അസ്വാഭാവികമായി പെരുമാറി തുടങ്ങിയത്. തൊഴുത്തിൽ നിന്ന് അഴിച്ച ഉടനെ പശു ഓടാൻ തുടങ്ങി. നിർത്താതെ കരയുന്നുമുണ്ടായിരുന്നു.
വൈകിട്ടോടെ വായിൽ നിന്ന് പച്ചനിറത്തിൽ നുര വന്നിരുന്നതായും വീട്ടുകാർ പറഞ്ഞു.ലൈവ് സ്റ്റോക്ക് ഇൻസ്പകറെത്തിയപ്പോഴാണ് മതി ലക്ഷണമല്ലെന്നും പശു അസ്വഭാവികത കാണിക്കുന്നുണ്ടെന്നും അറിഞ്ഞത്. പേരാമ്പ്ര ബ്ലോക്ക് വെറ്റിനറി സർജൻ ഡോ. അർജ്ജുനനെ എത്തി നടത്തിയ പരിശോധനയിലാണ് പേ ബാധ തന്നെയാണെന്ന് മനസിലായത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ പശു ചത്തു.
ഈ മേഖലയിൽ അക്രമണം നടത്തിയ കുറുക്കൻ പരിഭ്രാന്തി പരത്തിയിരുന്നു. വിദ്യാർത്ഥിനിയെ ഉൾപ്പെടെ മൂന്നു പേരെ അക്രമിച്ച കുറുക്കൻ നിരവധി വളർത്ത് മൃഗങ്ങളെയും കടിച്ചിരുന്നു. നാട്ടുകാർ ചേർന്ന് കുറുക്കനെ അടിച്ചു കൊല്ലുകയും ചെയ്തു. എന്നാൽ ഈ കുറുക്കന് പേയുണ്ടോഎന്ന പരിശോധന നടത്താതെയാണ് മറവ് ചെയ്തത്. പ്രദേശത്ത് നിരവധി തെരുവു പട്ടികൾ അലഞ്ഞ് നടക്കുന്നുണ്ട്.
ഇവയെ ഈ കുറുക്കൻ അക്രമിച്ചിട്ടുണ്ടോ എന്ന് അറിയില്ല. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഭീമ ഹർജി നൽകി കാത്തിരിക്കുന്ന അവസരത്തിലാണ് പ്രദേശത്ത് പശു പേലക്ഷണങ്ങളോടെ ചത്തത്.