രാമനാട്ടുകര ദേശീയപാതയിൽ പാറമ്മൽ ഫൂട്ട് ഓവർബ്രിഡ്ജ് നിർമാണം ഉടന്‍
1589954
Monday, September 8, 2025 5:08 AM IST
കോഴിക്കോട്: രാമനാട്ടുകര ദേശീയപാതയിൽ പാറമ്മൽ എഎൽപി സ്കൂളിനു സമീപം ഫൂട്ട് ഓവർബ്രിഡ്ജ് നിർമാണത്തിനു ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ നിര്‍മാണം ഉടന്‍ തുടങ്ങും.എൻഎച്ച്എഐ ഉദ്യോഗസ്ഥർ നേരത്തേ സ്ഥല നിർണയം നടത്തി തയാറാക്കി സമർപ്പിച്ച ഡിസൈനിനാണ് അനുമതി ലഭിച്ചത്.
സ്കൂൾ ഗേറ്റിൽ നിന്നു 15 മീറ്റർ അകലെ പെയിന്റ് ഗോഡൗൺ പരിസരത്താണു യാത്രക്കാർക്ക് അനായാസം കയറാനും ഇറങ്ങാനും സൗകര്യമൊരുക്കി പാലം നിർമിക്കുക.മൂന്ന് മീറ്റര്‍ വീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ഫുട് ഓവർബ്രിഡ്ജിന്റെ പ്രവേശന മാർഗത്തിൽ കയറാനും ഇറങ്ങാനും പ്രത്യേകം സൗകര്യമൊരുക്കും.
ഇരുവശത്തും സർവീസ് റോഡ് കഴിഞ്ഞുള്ള നടപ്പാതയിലേക്ക് ഇറങ്ങാവുന്ന തരത്തിൽ ദേശീയപാതയ്ക്കു കുറുകെ 45 മീറ്റർ നീളത്തിലാണ് നടപ്പാലം ഒരുക്കുക. 3 തൂണുകളിൽ 5.80 മീറ്റർ ഉയരമുണ്ടാകും.പാറമ്മലിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി പാറമ്മൽ-പുതുക്കോട് ആക്ഷൻ കമ്മിറ്റി പ്രതിഷേധ സമരങ്ങളുമായി മുൻപോട്ടു പോകുന്നതിനിടെയാണു നേരത്തേ തയാറാക്കിയ പദ്ധതി പ്രകാരം നിർമാണത്തിന് അനുമതി നൽകിയിരിക്കുന്നത്.
ആറുവരിപ്പാതയുടെ നിർമാണം ഏതാണ്ടു പൂർത്തിയായ സാഹചര്യത്തിൽ പാറമ്മൽ അങ്ങാടിയിൽ ദേശീയപാതയിലെ താൽക്കാലിക പ്രവേശന മാർഗങ്ങൾ ഇതിനകം കെട്ടിയടച്ചിട്ടുണ്ട്.
ദേശീയപാത വന്നതോടെ രണ്ടായി വിഭജിക്കപ്പെട്ട പാറമ്മലിൽ ഇരുകരയിലേക്കുമുള്ള യാത്ര ഏറെ ദുരിതമായിട്ടുണ്ട്.
അങ്ങാടിയിലുള്ളവർക്ക് കണ്ണെത്തും ദൂരത്തുള്ള മറുകരയെത്താൻ നാലു കിലോമീറ്റർ ചുറ്റി അഴിഞ്ഞിലം ജംഗ്ഷന് കടന്നു വേണം വരാൻ.ഇതു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ സഞ്ചാരത്തെ ബാധിച്ചതോടെയാണു അടിപ്പാത എന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധ രംഗത്തിറങ്ങിയത്. എന്നാല്‍ ഇതംഗീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.